സഭാപ്രസംഗകൻ 8
അധ്യായങ്ങൾ
ജ്ഞാനിയും രാജാവും
1ജ്ഞാനിയെപ്പോലെ ആരുണ്ട്? പൊരുള റിയുന്നവൻ ആരുണ്ട്? ജ്ഞാനം മുഖത്തെപ്രശോഭിപ്പിക്കുന്നു; പരുഷഭാവത്തെ അക റ്റുന്നു.
2ദൈവനാമത്തിൽ ചെയ്ത ശപഥമോർത്തു രാജകൽപന പാലിക്കുക;
3അനിഷ്ടകരമെങ്കിലും അവന്റെ സന്നിധി വിട്ടുപോയി ഉടനെ അതു ചെയ്യുക;യഥേഷ്ടംപ്രവർത്തിക്കുന്നവനാണല്ലോ രാജാവ്.
4അവന്റെ വാക്ക് അന്തിമമാണ്. നീ എന്തുചെയ്യുന്നു എന്ന് അവനോടു ചോദിക്കാൻ ആര് മുതിരും?
5കൽപന അനുസരിക്കുന്നവന് ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്ഞാനി തക്കസമയവും വഴിയും അറിയുന്നു.
6മനുഷ്യജീവിതം ഭാരത്തിന് അടിപ്പെട്ടതെങ്കിലും ഓരോന്നിനും അതതിന്റെ സമയവും നീതിയുമുണ്ട്.
7ഭാവി അവന് അജ്ഞാതമാണ്, അത് എങ്ങനെയിരിക്കുമെന്ന് പറയാൻ ആർക്കു കഴിയും?
8പ്രാണനെ പിടിച്ചുനിർത്താനോ മരണസമയം നിശ്ചയിക്കാനോ ആർക്കു കഴിയും?യുദ്ധസേവനത്തിൽനിന്ന് വിടുതൽ ഇല്ല; ദുഷ്ടതയ്ക്ക് അടിമയായവരെ അതു മോചിപ്പിക്കുകയില്ല.
9മനുഷ്യൻ മനുഷ്യന്റെ മേൽ അധികാരം സ്ഥാപിച്ച് ദ്രോഹിക്കുന്നതിനിടയിൽ സൂര്യനു കീഴുള്ള എല്ലാറ്റിലും സൂക്ഷ്മനിരീക്ഷണം നടത്തി കണ്ടെത്തിയതാണിത്.
ദുഷ്ടനും നീതിമാനും ഒന്നുപോലെ
10ദുഷ്ടൻമാരെ സംസ്കരിക്കുന്നതു ഞാൻ കണ്ടു; വിശുദ്ധസ്ഥലത്തു വ്യാപരിച്ചിരുന്നവരാണ് അവർ. ഇതൊക്കെച്ചെയ്ത തങ്ങളുടെ നഗരത്തിൽ അവർ ശ്ലാഘിക്കപ്പെട്ടിരുന്നു. ഇതും മിഥ്യതന്നെ.
11തിൻമയ്ക്കുള്ള ശിക്ഷ ഉടൻ നടപ്പാക്കാത്തതിനാൽ മനുഷ്യമക്കളുടെ ഹൃദയം അതിൽ മുഴുകുന്നു.
12നൂറുതവണ തിൻമ ചെയ്തിട്ടും ദുഷ്ടൻെറ ജീവിതം സുദീർഘമാണെങ്കിലും ദൈവ ഭക്തന് എല്ലാം ശുഭമായിരിക്കുമെന്ന് എനിക്കു നന്നായിട്ടറിയാം. കാരണം, അവൻ ദൈവസന്നിധിയിൽ ഭക്തിയോടെ വ്യാപരിക്കുന്നു.
13നീചനു നൻമ കൈവരുകയില്ല. ജീവിതം നിഴൽപോലെ നീട്ടാനും അവനു കഴിയുകയില്ല. കാരണം, അവൻ ദൈവസന്നിധിയിൽ ഭയത്തോടെയല്ല വ്യാപരിക്കുന്നത്.
14നീതിമാൻമാർക്കു നീചൻമാരുടെ പ്രവൃത്തികൾക്കു യോജിച്ച അനുഭവവും, നീചൻമാർക്കു നീതിമാൻമാരുടെ പ്രവൃത്തികൾക്കുയോജിച്ച അനുഭവവും ഉണ്ടാകുന്നു എന്നത് ഭൂമിയിലുള്ള ഒരു മിഥ്യയാണ്. ഇതും മിഥ്യയാണെന്നു ഞാൻ പറഞ്ഞു.
15ഇവിടെ ഞാൻ നിർദേശിക്കുന്നത് സന്തോഷിക്കുക എന്നാണ്, ഭക്ഷിക്കുകയും പാനം ചെയ്യുകയും ആനന്ദിക്കുകയും ചെയ്യുന്നതല്ലാതെ വേറെ ഭാഗ്യമില്ല. ഇത് സൂര്യനു കീഴേ ദൈവം അവനു നൽകിയിരിക്കുന്ന ആയുഷ്കാലത്തെ പ്രയത്നങ്ങളിൽ അവനെ തുണയ്ക്കും.
16ജ്ഞാനത്തെ അറിയാനും മനുഷ്യന്റെ വ്യാപാരങ്ങൾ മനസ്സിലാക്കാനും ഞാൻ രാപകൽ വിശ്രമമെന്നിയേ പരിശ്രമിച്ചു.
17അപ്പോൾ കണ്ടത് ദൈവത്തിന്റെ കരവേലകളാണ്; സൂര്യനു കീഴേ നടക്കുന്ന പ്രവൃത്തികളെല്ലാം കണ്ടുപിടിക്കാൻമനുഷ്യനു സാധ്യമല്ലെന്നാണ്. എത്ര ബുദ്ധിമുട്ടി അനേ്വഷിച്ചാലും അതു കണ്ടെത്തുകയില്ല. അതു കണ്ടുപിടിച്ചുവെന്നു ബുദ്ധിമാൻ അവകാശപ്പെട്ടാലും അത് അവന് അതീതമത്രേ.