അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 25
അധ്യായങ്ങൾ
സീസറിനു നിവേദനം
1ഫേസ്തൂസ്, പ്രവിശ്യയിൽ എത്തി മൂന്നുദിവസം കഴിഞ്ഞ് കേസറിയായിൽ നിന്നു ജറുസലെമിലേക്കു പോയി.
2പുരോഹിതപ്രമുഖൻമാരും യഹൂദപ്രമാണികളും പൗലോസിനെതിരേയുള്ള ആരോപണങ്ങൾ അവനെ ധരിപ്പിച്ചു.
3തങ്ങൾക്ക് ഒരാനുകൂല്യമെന്ന നിലയിൽ അവനെ ജറുസലെ മിലേക്ക് അയയ്ക്കാൻ അവർ അവനോട് അപേക്ഷിച്ചു. മാർഗമധേ്യ ഒളിഞ്ഞിരുന്ന് അവനെ കൊല്ലണമെന്ന് അവർ ഗൂഢാലോചന നടത്തിയിരുന്നു.
4പൗലോസിനെ കേ സറിയായിൽ സൂക്ഷിച്ചിട്ടുണ്ടെന്നും താൻ ഉടൻതന്നെ അവിടെപ്പോകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഫേസ്തൂസ് മറുപടി നൽകി.
5അവൻ പറഞ്ഞു: അതുകൊണ്ട്, നിങ്ങളിൽ പ്രമാണികളായവർ എന്റെ കൂടെവന്ന്, അവന്റെ പേരിൽ എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ പരാതി സമർപ്പിക്കട്ടെ.
6എട്ടുപത്തു ദിവസത്തോളം അവരുടെ ഇടയിൽ താമസിച്ചതിനുശേഷം അവൻ കേ സറിയായിലേക്കു മടങ്ങിപ്പോയി. അടുത്ത ദിവസം അവൻ ന്യായാസനത്തിൽ ഇരുന്ന്, പൗലോസിനെ കൊണ്ടുവരാൻ കൽപിച്ചു.
7അവൻ വന്നപ്പോൾ, ജറുസലെമിൽനിന്ന് എത്തിയിരുന്ന യഹൂദൻമാർ അവന്റെ ചു റ്റും നിന്ന് ഗുരുതരമായ പല കുറ്റങ്ങളും ആരോപിച്ചു; എന്നാൽ, തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.
8പൗലോസ് തൻെറ പ്രതിവാദത്തിൽ ഇപ്രകാരം പ്രസ്താവിച്ചു: യഹൂദരുടെ നിയമങ്ങൾക്കോ ദേവാലയത്തിനോ സീസറിനോ വിരുദ്ധമായി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.
9എന്നാൽ, യഹൂദരോട് ഒരാനുകൂല്യം കാണിക്കാൻ ആഗ്രഹിച്ചുകൊണ്ടു ഫേസ്തൂസ് പൗലോസിനോടു ചോദിച്ചു: ജറുസലെമിലേക്കു പോകാനും അവിടെ എന്റെ മുമ്പിൽവച്ച് ഇവയെപ്പറ്റി വിസ്തരിക്കപ്പെടാനും നിനക്കു സമ്മതമാണോ?
10പൗലോസ് പറഞ്ഞു: ഞാൻ സീസറിൻെറന്യായാസനത്തിങ്കലാണു നിൽക്കുന്നത്. അവിടെത്തന്നെയാണ് ഞാൻ വിചാരണ ചെയ്യപ്പെടേണ്ടതും. നിനക്കു നന്നായി അറിയാവുന്നതുപോലെ, യഹൂദരോടു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.
11ഞാൻ തെറ്റുകാരനും വധശിക്ഷയർഹിക്കുന്ന എന്തെങ്കിലും ചെയ്തവനുമാണെങ്കിൽ മരിക്കാൻ ഒരുക്കമാണ്. എന്നാൽ, അവർ എന്റെ മേൽ ചുമത്തുന്ന കുറ്റങ്ങളിൽ കഴമ്പില്ലെങ്കിൽ എന്നെ അവർക്കു വിട്ടുകൊടുക്കാൻ ആർക്കും കഴിയുകയില്ല. ഞാൻ സീസറിൻെറ അടുത്ത് ഉപരിവിചാരണ ആവശ്യപ്പെടുന്നു.
12ഫേസ്തൂസ് തൻെറ സമിതിയോട് ആലോചിച്ചിട്ടു മറു പടി പറഞ്ഞു: നീ സീസറിൻെറ അടുത്തു ഉപരിവിചാരണ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ അവന്റെ അടുത്തേക്കുതന്നെ നീ പോകണം.
അഗ്രിപ്പായുടെ മുമ്പിൽ
13കുറെദിവസങ്ങൾക്കുശേഷം, അഗ്രിപ്പാരാജാവും ബർനിക്കെയും ഫേസ്തൂസിനെ അഭിവാദനം ചെയ്യാൻ കേസറിയായിൽ എത്തി.
14അവർ അവിടെ വളരെ ദിവസങ്ങൾ താമസിച്ചു. ഫേസ്തൂസ് പൗലോസിൻെറ കാര്യം രാജാവിനെ ധരിപ്പിച്ചുകൊണ്ട് പറഞ്ഞു: ഫെലിക്സ് തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യൻ ഇവിടെയുണ്ട്.
15ഞാൻ ജറുസലെമിലായിരുന്നപ്പോൾ പുരോഹിതപ്രമുഖൻമാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്താവിക്കാൻ അപേക്ഷിച്ചുകൊണ്ട് അവനെക്കുറിച്ചുള്ള വിവ രങ്ങൾ എന്നെ ധരിപ്പിച്ചു.
16വാദിയെ മുഖാഭിമുഖം കണ്ട്, തൻെറ മേൽ ആരോപിതമായ കുറ്റങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാൻ പ്രതിക്ക് അവസരം നൽകാതെ, അവനെ ഏൽപിച്ചുകൊടുക്കുക റോമാക്കാരുടെ പതിവല്ല എന്നു ഞാൻ മറുപടി പറഞ്ഞു.
17അവർ ഇവിടെ ഒരുമിച്ചുകൂടിയപ്പോൾ, ഒ ട്ടും താമസം വരുത്താതെ അടുത്തദിവസം തന്നെ ഞാൻന്യായാസനത്തിൽ ഇരുന്ന്ആ മനുഷ്യനെ കൊണ്ടുവരാൻ കൽപിച്ചു.
18വാദികൾ കുറ്റാരോപണം ആരംഭിച്ചപ്പോൾ, സങ്കല്പിച്ച തരത്തിലുള്ള ഒരു തിന്മയും അവന്റെ മേൽ ചുമത്തിക്കണ്ടില്ല.
19എന്നാൽ, തങ്ങളുടെതന്നെ ചില അന്ധവിശ്വാസങ്ങളെക്കുറിച്ചും മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമർഥിക്കുന്ന ഒരു യേശുവിനെക്കുറിച്ചും മാത്രമേ അവർക്ക് അവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളു.
20എന്തു തീരുമാനമെടുക്കണമെന്നു നിശ്ചയമില്ലാതെ വന്നപ്പോൾ ജറുസലെമിലേക്കു പോകാനും അവിടെവച്ച് ഇ വയെപ്പറ്റി വിചാരണ ചെയ്യപ്പെടാനും സമ്മ തമാണോ എന്നു ഞാൻ അവനോടു ചോദിച്ചു.
21എന്നാൽ, ചക്രവർത്തിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തനിക്കു സംരക്ഷണം നൽകണമെന്നു പൗലോസ് അപേക്ഷിച്ചതിനാൽ, സീസറിൻെറ അടുത്തേക്ക് അയയ്ക്കുന്നതുവരെ അവനെ തടവിൽ വയ്ക്കാൻ ഞാൻ ആജ്ഞാപിച്ചു.
22അഗ്രിപ്പാ ഫേസ്തൂസിനോടു പറഞ്ഞു: അവന്റെ വാദം നേരിൽ കേൾക്കാൻ എനിക്കു താത്പര്യമുണ്ട്. അവൻ മറുപടി പറഞ്ഞു: എങ്കിൽ നാളെ നിനക്കു കേൾക്കാം.
23അടുത്തദിവസം അഗ്രിപ്പായും ബർനിക്കെയും സഹസ്രാധിപൻമാരോടും നഗരത്തിലെ പ്രമാണികളോടുമൊപ്പം ആഡംബരസമന്വിതം സമ്മേളനശാലയിൽ വന്നു. ഫേസ്തൂസിൻെറ കൽപനയനുസരിച്ചു പൗലോസിനെ കൊണ്ടുവന്നു.
24ഫേസ്തൂസ് പറഞ്ഞു: അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതരായിരിക്കുന്നവരേ, ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ. ഇവനെതിരായിട്ടാണ്, യഹൂദജനതമുഴുവൻ ജറുസലെമിൽവച്ചും ഇവിടെവച്ചും ഇവന് ഇനി ജീവിക്കാൻ അർഹതയില്ല എന്നു പറഞ്ഞ് ബഹളംകൂട്ടി എന്നോടു പരാതിപ്പെട്ടത്.
25എങ്കിലും, വധശിക്ഷയ്ക്ക് അർഹമായ കുറ്റമൊന്നും ഇവൻ ചെയ്തിട്ടുള്ളതായി ഞാൻ കണ്ടില്ല. എന്നാൽ, അവൻ തന്നെ ചക്രവർത്തിയുടെ മുമ്പാകെ മേൽവിചാരണയ്ക്ക് അപേക്ഷിച്ചിരിക്കുന്നതിനാൽ അവനെ അങ്ങോട്ട് അയയ്ക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്.
26ഇവനെക്കുറിച്ച് സീസറിന് എന്താണ് എഴുതേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. അതുകൊണ്ടുതന്നെയാണ്, ഞാൻ ഇവനെ നിങ്ങളുടെ മുമ്പിൽ, വിശിഷ്യാ അഗ്രിപ്പാരാജാവേ, നിന്റെ മുമ്പിൽ കൊണ്ടുവന്നിരിക്കുന്നത്. വിചാരണ കഴിയുമ്പോൾ അവനെപ്പറ്റി എന്തെങ്കിലും എഴുതാൻ എനിക്കു കഴിയുമല്ലോ.
27തടവുകാരനെ അയയ്ക്കുമ്പോൾ അവനെതിരായുള്ള ആരോപണങ്ങൾ വ്യക്ത മാക്കാതിരിക്കുന്നത് ശരിയല്ലെന്ന് എനിക്കു തോന്നുന്നു.