അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 23
അധ്യായങ്ങൾ
ആലോചനാസംഘത്തിനു മുമ്പിൽ
1പൗലോസ് സംഘത്തെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: സഹോദരൻമാരേ, ഇന്നേവരെ ദൈവത്തിന്റെ മുമ്പിൽ നല്ല മനസ്സാക്ഷിയോടെയാണു ഞാൻ ജീവിച്ചത്.
2പ്രധാനപുരോഹിതനായ അന നിയാസ് തൻെറ അടുത്തു നിന്നവരോട് അവന്റെ മുഖത്ത് അടിക്കാൻ ആജ്ഞാപിച്ചു.
3അപ്പോൾ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു. എന്നെ നിയമാനുസൃതം വിധിക്കുവാനാണ് നീ ഇവിടെ ഇരിക്കുന്നത്. എന്നിട്ടും നിയമവിരുദ്ധമായി പ്രഹരിക്കാൻ നീ കൽപിക്കുന്നുവോ?
4അടുത്തു നിന്നവർ ചോദിച്ചു: ദൈവത്തിന്റെ പ്രധാന പുരോഹിതനെ നീ അധിക്ഷേപിക്കുകയാണോ?
5പൗലോസ് പറഞ്ഞു: സഹോദരൻമാരേ, അവൻ പ്രധാനപുരോഹിതനാണെന്നു ഞാൻ അറിഞ്ഞില്ല. എന്തെന്നാൽ, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ നീ ദുഷിച്ചു സംസാരിക്കരുത്.
6സംഘത്തിൽ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവർ ഫരിസേയരുമാണെന്നു മനസ്സിലാക്കിയ പൗലോസ് ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരൻമാരേ, ഞാൻ ഒരു ഫ രിസേയനും, ഫരിസേയപുത്രനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശയെ സംബന്ധിച്ചാണു ഞാൻ വിചാരണ ചെയ്യപ്പെടുന്നത്.
7അവൻ ഇതുപറഞ്ഞപ്പോൾ ഫരിസേയരും സദുക്കായരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടാവുകയും അവിടെ കൂടിയിരുന്നവർ രണ്ടുപക്ഷമായി തിരിയുകയും ചെയ്തു.
8കാരണം, പുനരുത്ഥാനമോ ദൈവദൂതനോ ആത്മാവോ ഇല്ല എന്നാണു സദുക്കായർ പറയുന്നത്. ഫരിസേയരാകട്ടെ ഇവയെല്ലാം ഉണ്ടെന്നും പറയുന്നു.
9അവിടെ വലിയ ബഹളമുണ്ടായി. ഫരിസേയരിൽപ്പെട്ട ചില നിയമജ്ഞർ എഴുന്നേറ്റ് ഇങ്ങനെ വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ദൂതനോ ഒരുപക്ഷേ ഇവനോട് സംസാരിച്ചിരിക്കാം.
10തർക്കം മൂർച്ഛിച്ചപ്പോൾ പൗലോസിനെ അവർ വലിച്ചുകീറുമോ എന്നുതന്നെ സഹസ്രാധിപൻ ഭയപ്പെട്ടു. അതിനാൽ, അവരുടെ മുമ്പിൽനിന്നു പൗലോസിനെ ബലമായി പിടിച്ചു പാളയത്തിലേക്കു കൊണ്ടുപോകാൻ അവൻ ഭടൻമാരോടു കൽപിച്ചു.
11അടുത്തരാത്രി കർത്താവ് അവനുപ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധൈര്യമായിരിക്കുക. ജറുസലെമിൽ എന്നെക്കുറിച്ചു നീ സാക്ഷ്യം നൽകിയതുപോലെതന്നെ, റോമായിലും സാക്ഷ്യം നൽകേണ്ടിയിരിക്കുന്നു.
യഹൂദരുടെ ഗൂഢാലോചന
12പ്രഭാതമായപ്പോൾ യഹൂദർ ഗൂഢാലോചന നടത്തി. പൗലോസിനെ വധിക്കുന്നതുവരെ തങ്ങൾ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് അവർ ശപഥം ചെയ്തു.
13നാൽപതിലധികംപേർ ചേർന്നാണ് ഈ ഗൂഢാലോചന നടത്തിയത്.
14അവർ പുരോഹിതപ്രമുഖൻമാരെയും ജനപ്രമാണികളെയും സമീപിച്ചു പറഞ്ഞു: ഞങ്ങൾ പൗലോസിനെ കൊല്ലുന്നതുവരെ ഭക്ഷണം കഴിക്കുകയില്ലെന്നു ശപഥം ചെയ്തിരിക്കുകയാണ്.
15അവനെ സംബന്ധിക്കുന്ന കാര്യങ്ങൾ കൂടുതൽ സൂക്ഷ്മമായി അനേ്വഷിക്കുന്നതിനെന്ന ഭാവേന അവനെ നിങ്ങളുടെയടുക്കൽ കൊണ്ടുവരാൻ നിങ്ങൾ സംഘം മുഴുവനും ഒന്നിച്ച് സഹസ്രാധിപനോട് ആവശ്യപ്പെടുവിൻ. ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അവനെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്.
16പൗലോസിൻെറ സഹോദരീപുത്രൻ ഈ ചതിയെപ്പറ്റി കേട്ടു. അവൻ പാളയത്തിൽച്ചെന്ന് പൗലോസിനെക്കണ്ട് വിവരമറിയിച്ചു.
17പൗലോസ് ഒരു ശതാധിപനെ വിളിച്ചു പറഞ്ഞു: ഈയുവാവിനെ സഹസ്രാധിപന്റെ യടുക്കൽകൊണ്ടുചെല്ലുക. അവന് എന്തോ പറയാനുണ്ട്.
18അതിനാൽ, അവൻ അവനെ സഹസ്രാധിപന്റെ മുമ്പിൽ കൊണ്ടുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു: തടവുകാരനായ പൗലോസ് എന്നെ വിളിച്ച് ഈ ചെറുപ്പക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരാനാവ ശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടുപോലും.
19സഹസ്രാധിപൻ അവനെ കൈയ്ക്കുപിടിച്ച് മാറ്റിനിർത്തി രഹസ്യമായി ചോദിച്ചു: എന്താണ് നിനക്ക് പറയാനുള്ളത്?
20അവൻ പറഞ്ഞു: യഹൂദൻമാർ പൗലോസിനെക്കുറിച്ചു സൂക്ഷ്മമായി അനേ്വഷിക്കാനെന്ന ഭാവേന അവനെ തങ്ങളുടെ ആലോചനാസംഘത്തിലേക്കു കൊണ്ടുപോകണമെന്ന് അങ്ങയോടപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
21നീ അവർക്കു വഴങ്ങരുത്. കാരണം, അവരിൽ നാൽപതിലേറെപ്പേർ പൗലോസിനെ വധിക്കാതെ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല എന്നു വ്രതമെ ടുത്തുകൊണ്ട് അവനെ ആക്രമിക്കാൻപതിയിരിക്കുന്നുണ്ട്. നിന്നിൽനിന്ന് അനുവാദം ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുകയാണ്.
22ഇക്കാര്യം നീ എന്നെ അറിയിച്ചുവെന്ന് ആരോടും പറയരുതെന്നു നിർദേശിച്ച് സഹസ്രാധിപൻ അവനെ പറഞ്ഞയച്ചു.
ഫെലിക്സിൻെറ അടുത്തേക്ക്
23പിന്നെ അവൻ രണ്ടു ശതാധിപൻമാരെ വിളിച്ച് ആജ്ഞാപിച്ചു: രാത്രിയുടെ മൂന്നാം മണിക്കൂറിൽ കേസറിയാവരെ പോകാനായി ഇരുന്നൂറു ഭടൻമാരെയും എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു ശൂലധാരികളെയും ഒരുക്കിനിർത്തുക.
24പൗലോസിനുയാത്ര ചെയ്യാനുള്ള കുതിരകളെയും തയ്യാറാക്കുക. അവനെ ദേശാധിപതിയായ ഫെലിക്സിൻെറ അടുക്കൽ സുരക്ഷിതമായി എത്തിക്കണം.
25അവൻ ഇങ്ങനെ ഒരു കത്തും എഴുതി:
26അഭിവന്ദ്യനായ ദേശാധിപതി ഫെലിക്സിന് ക്ലാവൂദിയൂസ് ലീസിയാസിൻെറ അഭിവാദനങ്ങൾ!
27ഈ മനുഷ്യനെ യഹൂദൻമാർ പിടിച്ചു ബന്ധിച്ചു. ഇവനെ കൊല്ലാൻ അവർ ഒരുമ്പെട്ടപ്പോൾ ഇവൻ റോമാപ്പൗരനാണെന്നറിഞ്ഞ് ഞാൻ ഭടൻമാരോടുകൂടെച്ചെന്ന് ഇവനെ രക്ഷിച്ചു.
28ഇവന്റെ മേലുള്ള ആരോപണം എന്താണെന്നു സൂക്ഷ്മമായി അറിയണമെന്ന് ആഗ്രഹിച്ച് ഞാൻ ഇവനെ അവരുടെ ആലോചനാ സംഘത്തിൽ കൊണ്ടുചെന്നു.
29ഇവന്റെ പേരിലുള്ള ആരോപണം, അവരുടെ നിയമങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണെന്നു ഞാൻ മനസ്സിലാക്കി. എന്നാൽ, വധമോ കാരാഗൃഹമോ അർഹിക്കുന്ന ഒരു ആരോപണവും ഉണ്ടായിരുന്നില്ല.
30ഇവനെതിരേ ഗൂഢാലോചന ഉണ്ടെന്നറിഞ്ഞ് ഉടൻതന്നെ ഞാൻ നിന്റെ അടുക്കലേക്ക് ഇവനെ അയയ്ക്കുകയാണ്. ഇവനെതിരായുള്ള ആരോപണങ്ങൾ നിന്റെ മുമ്പിൽ സമർപ്പിക്കാൻ പരാതിക്കാരോടു ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
31അങ്ങനെ കൽപനയനുസരിച്ച് ഭടൻമാർ പൗലോസിനെ രാത്രിതന്നെ അന്തിപ്പാത്രിസിലേക്കു കൊണ്ടുപോയി.
32പ്രഭാതമായപ്പോൾ അവനോടൊന്നിച്ചു പോകാൻ കുതിരപ്പടയാളികളെ നിയോഗിച്ചിട്ട് ഭടൻമാർ പാളയത്തിലേക്കു മടങ്ങി.
33അവർ കേസറിയായിലെത്തി കത്ത് ദേശാധിപതിയെ ഏൽപിക്കുകയും പൗലോസിനെ അവന്റെ മുമ്പിൽ കൊണ്ടുവരുകയും ചെയ്തു.
34കത്തു വായിച്ചതിനുശേഷം, അവൻ ഏതു പ്രവിശ്യയിൽപ്പെട്ടവനാണെന്ന് അവൻ ചോദിച്ചു.
35കിലിക്യാക്കാരനാണെന്നറിഞ്ഞപ്പോൾ അവൻ പറഞ്ഞു: പരാതിക്കാർ വരുമ്പോൾ ഞാൻ നിന്നെ വിസ്തരിക്കാം. ഹേറോദേസിൻെറ പ്രത്തോറിയത്തിൽ അവനെ സൂക്ഷിക്കാൻ അവൻ ആജ്ഞാപിച്ചു.