അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 21
അധ്യായങ്ങൾ
ജറുസലെമിലേക്ക്
1ഞങ്ങൾ അവരിൽനിന്നു പിരിഞ്ഞു കപ്പൽകയറി നേരേ കോസിലെത്തി. അ ടുത്ത ദിവസം റോദോസിലേക്കും, അവിടെ നിന്ന് പത്താറായിലേക്കും പോയി.
2ഫെനീഷ്യായിലേക്കു പോകുന്ന ഒരു കപ്പൽകണ്ട് ഞങ്ങൾ അതിൽ കയറി.
3ഇടത്തുവശത്തായി സൈപ്രസ് ദൃഷ്ടിയിൽപ്പെട്ടു; എങ്കിലും അതു പിന്നിട്ട് ഞങ്ങൾ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാൻ കപ്പൽ ടയിറിൽ അടുത്തപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി.
4ശിഷ്യൻമാരെ കണ്ടുപിടിച്ച് ഞങ്ങൾ ഏഴുദിവസം അവിടെ താമസിച്ചു. പരിശുദ്ധാത്മാവിനാൽ പ്രേരിതരായി അവർ പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നു പറഞ്ഞു.
5അവിടത്തെ താമസം കഴിഞ്ഞ് ഞങ്ങൾയാത്ര തുടർന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ അവരെല്ലാവരും ന ഗരത്തിനു വെളിയിൽവരെ ഞങ്ങളെ അനുയാത്ര ചെയ്തു. സമുദ്രതീരത്തു മുട്ടുകുത്തി ഞങ്ങൾ പ്രാർഥിക്കുകയും വിടവാങ്ങുകയും ചെയ്തു.
6പിന്നെ ഞങ്ങൾ കപ്പലിൽ കയറി; അവർ വീടുകളിലേക്കു മടങ്ങി.
7ടയിറിൽനിന്നുള്ളയാത്രയുടെ അവസാനത്തിൽ ഞങ്ങൾ ടൊളേമായിസിൽ എത്തിച്ചേർന്നു. അവിടെ സഹോദരരെ അഭിവാദനം ചെയ്യുകയും അവരുടെകൂടെ ഒരു ദിവസം താമസിക്കുകയും ചെയ്തു.
8അടുത്ത ദിവസം ഞങ്ങൾ അവിടെനിന്നു പുറപ്പെട്ടു കേസറിയായിലെത്തി. ഏഴു പേരിൽ ഒരുവനും സുവിശേഷപ്രസംഗകനുമായ പീലിപ്പോസിന്റെ വീട്ടിൽച്ചെന്ന് അവന്റെ കൂടെ താമസിച്ചു.
9കന്യകമാരും പ്രവചനവരം ലഭിച്ചവരുമായ നാലു പുത്രിമാർ അവനുണ്ടായിരുന്നു.
10കുറെ ദിവസം കഴിഞ്ഞപ്പോൾ അഗാബോസ് എന്നുപേരുള്ള ഒരു പ്രവാചകൻയൂദയായിൽനിന്ന് അവിടെയെത്തി.
11അവൻ ഞങ്ങളുടെ അടുത്തുവന്ന് പൗലോസിൻെറ അരപ്പട്ട എടുത്ത് അതുകൊണ്ടു സ്വന്തം കൈകാലുകൾ ബന്ധിച്ചിട്ട് ഇപ്രകാരം പ്രസ്താവിച്ചു. പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു, ജറുസലെമിൽവച്ച് യഹൂദൻമാർ ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ഇതുപോലെ ബന്ധിക്കുകയും വിജാതീയർക്ക് ഏൽപിച്ചുകൊടുക്കുകയും ചെയ്യും.
12ഇതുകേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന ജനങ്ങളും പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്ന് അഭ്യർഥിച്ചു.
13അപ്പോൾ അവൻ പറഞ്ഞു: നിങ്ങളെന്താണ് ഈ ചെയ്യുന്നത്? നിലവിളിച്ചുകൊണ്ട് എന്റെ ഹൃദയത്തെ ദുർബലമാക്കുകയാണോ? ജറുസലെമിൽവച്ചു കർത്താവായ യേശുവിൻെറ നാമത്തെപ്രതി ബന്ധനം മാത്രമല്ല മരണംപോലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.
14അവനെ സമ്മതിപ്പിക്കാൻ കഴിയാതെവന്നപ്പോൾ കർത്താവിന്റെ ഹിതം നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ടു ഞങ്ങൾ പിൻമാറി.
15ആദിവസങ്ങൾക്കുശേഷം ഞങ്ങൾയാത്രയൊരുങ്ങി ജറുസലെമിലേക്കു പുറപ്പെട്ടു.
16കേസറിയായിൽനിന്നുള്ള ചില ശിഷ്യരും ഞങ്ങളോടൊപ്പം വന്നു. ആദ്യകാല ശിഷ്യരിൽ ഒരുവനായ സൈപ്രസുകാരൻമ്നാസ്സോൻെറ വീട്ടിലാണ് ഞങ്ങൾക്കു താമസിക്കേണ്ടിയിരുന്നത്. അതിനാൽ, അവനെയും അവർ കൂട്ടത്തിൽ കൊണ്ടുപോന്നിരുന്നു.
ജറുസലെമിലെ തീരുമാനം
17ഞങ്ങൾ ജറുസലെമിൽ എത്തിയപ്പോൾ, സഹോദരർ സന്തോഷപൂർവം ഞങ്ങളെ സ്വീകരിച്ചു.
18അടുത്തദിവസം പൗലോസ് ഞങ്ങളോടൊത്ത് യാക്കോബിൻെറ അടുക്കലേക്കു പോയി. ശ്രേഷ്ഠൻമാരെല്ലാവരും അവിടെ വന്നുകൂടി.
19അവരെ അഭിവാദനം ചെയ്തതിനുശേഷം പൗലോസ് തൻെറ ശുശ്രൂഷവഴി വിജാതീയരുടെയിടയിൽ ദൈവം ചെയ്ത കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചു.
20അവർ അതുകേട്ട് ദൈവത്തെ സ്തുതിച്ചു. അവർ അവനോടുപറഞ്ഞു: സഹോദരാ, വിശ്വാസം സ്വീകരിച്ചവരിൽ എത്രയായിരം യഹൂദരുണ്ടെന്നുനോക്കൂ. അവരെല്ലാം നിയമം പാലിക്കുന്നതിൽ വലിയ നിഷ്ഠയുള്ളവരുമാണ്.
21എന്നാൽ, ശിശുക്കളെ പരിച്ഛേദനം ചെയ്യുകയോ പരമ്പരാഗതമായ ആചാരങ്ങൾ അനുഷ്ഠിക്കുകയോ വേണ്ടാ എന്നു പറഞ്ഞുകൊണ്ട് മോശയെ അവഗണിക്കാൻ വിജാതീയരുടെ ഇടയിലുള്ള യഹൂദരെ നീ പഠിപ്പിക്കുന്നുവെന്ന് അവർ കേട്ടിരിക്കുന്നു.
22നീ വന്നിട്ടുണ്ടെന്ന് അവർ തീർച്ചയായും അറിയും. എന്താണിനി ചെയ്യേണ്ടത്?
23അതിനാൽ, ഞങ്ങൾ പറയുന്നതുപോലെ നീ പ്രവർത്തിക്കുക. വ്രതമെടുത്തനാലുപേർ ഞങ്ങളുടെ കൂടെയുണ്ട്.
24അവരോടൊപ്പം പോയി നീയും നിന്നെത്തന്നെ ശുദ്ധീകരിക്കുക. അവരുടെ ശിരോമുൺഡനത്തിനുള്ള ചെലവും നീ വഹിക്കുക. അങ്ങനെ, നീ തന്നെ നിയമമനുസരിച്ചു ജീവിക്കുന്നുവെന്നും നിന്നെക്കുറിച്ച് അവർ കേട്ടിരിക്കുന്ന വാർത്തയിൽ കഴമ്പില്ലെന്നും സകലരും അറിഞ്ഞുകൊള്ളും.
25എന്നാൽ, വിശ്വാസം സ്വീകരിച്ചവിജാതീയരെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഒരു എഴുത്തയ ച്ചിട്ടുണ്ട്. വിഗ്രഹങ്ങൾക്ക് അർപ്പിച്ചവസ്തുക്കൾ, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയിൽനിന്ന് അവർ അകന്നിരിക്കണമെന്ന ഞങ്ങളുടെ തീരുമാനവും അതുവഴി അറിയിച്ചിട്ടുണ്ട്.
26പൗലോസ് അവരെ കൂട്ടിക്കൊണ്ടുപോയി അടുത്ത ദിവസംതന്നെ അവരോടൊപ്പം ശുദ്ധീകരണകർമം നടത്തി. അവരുടെ ശുദ്ധീകരണം പൂർത്തിയാകുന്ന ദിവസവും, അവർക്കോരോരുത്തർക്കും വേണ്ടി ബലിയർപ്പിക്കാനുണ്ടെന്ന വിവരവും അറിയിക്കാൻവേണ്ടി അവൻ ദേവാലയത്തിൽ പോയി.
പൗലോസിനെ ബന്ധിക്കുന്നു
27ഏഴു ദിവസം തികയാറായപ്പോൾ ഏഷ്യയിൽനിന്നുള്ള യഹൂദർ അവനെ ദേവാ ലയത്തിൽ കണ്ടു. അവർ ജനക്കൂട്ടത്തെ ഇളക്കുകയും അവനെ പിടികൂടുകയും ചെയ്തു.
28അവർ വിളിച്ചുപറഞ്ഞു: ഇസ്രായേൽ ജനമേ, സഹായിക്കുവിൻ. ജനത്തിനും നിയമത്തിനും ഈ സ്ഥലത്തിനും എതിരായി എല്ലായിടത്തും ആളുകളെ പഠിപ്പിക്കുന്നവൻ ഇവൻ തന്നെ. മാത്രമല്ല, ഇവൻ ഗ്രീക്കുകാരെ ദേവാലയത്തിൽ കൊണ്ടുവന്ന് ഈ പരിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
29എന്തെന്നാൽ, നഗരത്തിൽവച്ചു നേരത്തെ അവനോടൊപ്പം എഫേസോസുകാരനായ ത്രോഫിമോസിനെയും അവർ കണ്ടിരുന്നു. പൗലോസ് അവനെയും ദേവാലയത്തിൽ കൊണ്ടുവന്നിരിക്കും എന്ന് അവർ വിചാരിച്ചു.
30നഗരം മുഴുവൻ പ്രക്ഷുബ്ധമായി. ആളുകൾ ഓടിക്കൂടി. അവർ പൗലോസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഉടൻതന്നെ വാതിലുകൾ അടയ്ക്കുകയും ചെയ്തു.
31അവർ പൗലോസിനെ കൊല്ലാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, ജറുസലെം മുഴുവൻ ബഹളത്തിലാണെന്നു സഹസ്രാധിപന് അ റിവു ലഭിച്ചു.
32അവൻ ഉടൻതന്നെ ഭടൻമാരെയും ശതാധിപൻമാരെയും കൂട്ടിക്കൊണ്ട് അവരുടെയടുത്തേക്കു പാഞ്ഞെത്തി. ഭടൻമാരെയും സഹസ്രാധിപനെയും കണ്ടപ്പോൾ പൗലോസിനെ പ്രഹരിക്കുന്നതിൽനിന്ന് അവർ വിരമിച്ചു.
33സഹസ്രാധിപൻ വന്ന് അവനെ പിടിച്ചു. അവനെ രണ്ടു ചങ്ങലകൾകൊണ്ടു ബന്ധിക്കാൻ അവൻ കൽപിച്ചു. അവൻ ആരാണെന്നും എന്തു ചെയ്തുവെന്നും സഹസ്രാധിപൻ അനേ്വഷിച്ചു.
34ആൾക്കൂട്ടത്തിൽ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളം നിമിത്തം വസ്തുത ഗ്രഹിക്കാൻ കഴിയാതെ വന്നപ്പോൾ, അവനെ പാളയത്തിലേക്കു കൊണ്ടുവരാൻ അവൻ കൽപന നൽകി.
35നടയിലെത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന്റെ കൈയേറ്റം നിമിത്തം പടയാളികൾ അവനെ എടുത്തുകൊണ്ടുപോവുകയാണു ചെയ്തത്.
36അവനെ കൊല്ലുക എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ജനക്കൂട്ടം പിറകെ കൂടി.
സഹസ്രാധിപൻെറ മുമ്പിൽ
37പാളയത്തിലെത്താറായപ്പോൾ പൗലോസ് സഹസ്രാധിപനോടു പറഞ്ഞു: ഞാൻ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. അവൻ ചോദിച്ചു: നിനക്ക് ഗ്രീക്കുഭാഷ അറിയാം, അല്ലേ?
38അപ്പോൾ, അടുത്ത കാലത്തു കലാപ മുണ്ടാക്കുകയും നാലായിരം ഭീകരപ്രവർത്തകരെ മരുഭൂമിയിലേക്കു നയിക്കുകയും ചെയ്ത ഈജിപ്തുകാരനല്ലേ നീ?
39പൗലോസ് പറഞ്ഞു: കിലിക്യായിലെ താർസോസിൽനിന്നുള്ള ഒരു യഹൂദനാണു ഞാൻ - അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരൻ. ജനത്തോടു സംസാരിക്കാൻ എന്നെ അനുവദിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.
40അനുവാദം കിട്ടിയപ്പോൾ പൗലോസ് നടയിൽ നിന്നുകൊണ്ട് ജനത്തോട് ആംഗ്യം കാണിച്ചു. അവർ പൂർണ നിശ്ശബ്ദരായി; ഹെബ്രായഭാഷയിൽ അവൻ പ്രസംഗമാരംഭിച്ചു.