Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

യൂദിത്ത് 13

അധ്യായങ്ങൾ

ഹോളോഫർണസിനെ വധിക്കുന്നു

1സന്ധ്യയായപ്പോൾ ഹോളോഫർണ സിൻെറ അടിമകൾ വേഗം പിൻവാങ്ങി. ബഗോവാസ്യജമാനസന്നിധിയിൽനിന്നു സേവകൻമാരെയെല്ലാം വെളിയിലാക്കി കൂടാരകവാടം പുറത്തുനിന്നടച്ചു. വിരുന്നു നീണ്ടുപോയതിനാൽ ക്ഷീണിതരായ അവർ ഉടനെ പോയി കിടന്നു.
2കൂടാരത്തിൽ വീഞ്ഞുകുടിച്ചു മത്തനായി കിടക്കയിൽ കിടക്കുന്ന ഹോളോഫർണസിൻെറ സമീപംയൂദിത്ത് മാത്രം അവശേഷിച്ചു.
3ശയനമുറിയിൽനിന്നു താൻ പുറത്തു വരുന്നതുവരെ, പതിവുപോലെ കാത്തുനിൽക്കാൻ അവൾ ദാസിയോടു പറഞ്ഞിരുന്നു; താൻ പ്രാർഥിക്കാൻ പോകുമെന്നും അവൾ പറഞ്ഞിരുന്നു. ബഗോവാസിനോടും അങ്ങനെതന്നെ പറഞ്ഞു.
4അങ്ങനെ എല്ലാവരും പോയി; ചെറിയവനോ, വലിയവനോ ആരും കിടക്കറയിൽ അവശേഷിച്ചില്ല.യൂദിത്ത് അവന്റെ കിടക്കയ്ക്കടുത്തുനിന്നുകൊണ്ടു ഹൃദയത്തിൽ മന്ത്രിച്ചു; സർവശക്തനായ ദൈവമായ കർത്താവേ, അവിടുന്ന് ഇപ്പോൾ, ജറുസലെമിൻെറ മഹത്വത്തിനുവേണ്ടിയുള്ള എന്റെ പ്രവൃത്തിയെ കടാക്ഷിക്കണമേ;
5അവിടുത്തെ അവകാശമായ ജനത്തെ സഹായിക്കാനും ഞങ്ങൾക്കെതിരേ വരുന്ന ശത്രുക്കളെ നശിപ്പിക്കാൻ ഞാനേറ്റെടുത്ത കർത്ത വ്യം നിർവഹിക്കാനുമുള്ള അവസരമാണിത്.
6അവൾ ചെന്ന്, കിടക്കയുടെ അറ്റത്തുള്ള തൂണിൽ, ഹോളോഫർണസിൻെറ തലയ്ക്കു മുകളിലായി തൂങ്ങിക്കിടന്ന വാൾ എടുത്തു.
7അവൾ കിടക്കയ്ക്ക് അടുത്തുവന്ന് അവന്റെ തലമുടിയിൽ പിടിച്ചു, പ്രാർഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കർത്താവേ, ഇന്ന് എനിക്കു ശക്തിതരണമേ!
8അവൾ തൻെറ സർവശക്തിയുമുപയോഗിച്ച് അവന്റെ കഴുത്തിൽ രണ്ടു പ്രാവശ്യം വെട്ടി, ശിര സ്സ് ശരീരത്തിൽനിന്നു വേർപെടുത്തി.
9ശരീരം കിടക്കയിൽ നിന്നുരുട്ടി താഴെയിട്ടു. മേൽക്കട്ടിയും തൂണുകളിൽ നിന്നുവലിച്ചെ ടുത്തു. അൽപം കഴിഞ്ഞ് അവൾ പുറത്തു കടന്ന് ഹോളോഫർണസിൻെറ ശിരസ്സ് ദാസിയെ ഏൽപ്പിച്ചു.
10അവൾ അത് ഭക്ഷണസഞ്ചിയിൽ നിക്ഷേപിച്ചു. ഉടൻതന്നെ ഇരുവരും നിത്യവും പ്രാർഥനയ്ക്കു പോകുംപോലെ പുറത്തേക്കുപോയി. അവൾ പാളയത്തിലൂടെ കടന്ന്, താഴ്വരചുറ്റി, മലകയറി ബത്തൂലിയായുടെ കവാടങ്ങളിലെത്തി.

യൂദിത്ത് മടങ്ങിയെത്തുന്നു

11യൂദിത്ത് ദൂരെവച്ചുതന്നെ കവാടത്തിലെ കാവൽക്കാരോടു വിളിച്ചു പറഞ്ഞു: തുറക്കൂ, വാതിൽ തുറക്കൂ, ദൈവം, നമ്മുടെ ദൈവം, ഇപ്പോഴും നമ്മോടുകൂടെയുണ്ട്. ഇസ്രായേലിൽ തൻെറ പ്രാബല്യവും നമ്മുടെ ശത്രുക്കൾക്കെതിരേ തൻെറ ശക്തിയും ഇന്നത്തെപ്പോലെ പ്രത്യക്ഷമാക്കുന്നതിനുവേണ്ടിത്തന്നെ.
12അവളുടെ നഗരത്തിലെ ആളുകൾ അവളുടെ ശബ്ദം കേട്ടപ്പോൾ ഇറങ്ങി നഗരകവാടത്തിലേക്ക് ഓടിച്ചെന്ന്, ശ്രേഷ്ഠൻമാരെ വിളിച്ചുകൂട്ടി.
13വലുപ്പച്ചെറുപ്പമെന്നിയേ അവരെല്ലാവരും ഒന്നിച്ചോടി; കാരണം അവൾ തിരിച്ചെത്തിയെന്നു വിശ്വസിക്കാൻ അവർക്കു കഴിഞ്ഞില്ല. അവർ വാതിൽ തുറന്ന് അവരെ അകത്തു കടത്തി, വെളിച്ചത്തിനുവേണ്ടി തീ കത്തിക്കുകയും അവരുടെ ചുറ്റും കൂടിനിൽക്കുകയും ചെയ്തു.
14അവൾ ഉച്ചത്തിൽ പറഞ്ഞു: ദൈവത്തെ സ്തുതിക്കുവിൻ, അവിടുത്തെ പുകഴ്ത്തുവിൻ. ഇസ്രായേൽ ഭവനത്തിൽനിന്നു തൻെറ കാരുണ്യം പിൻവലിക്കാത്തവനും, ഈ രാത്രി എന്റെ കരത്താൽ നമ്മുടെ ശത്രുക്കളെ നശിപ്പിച്ചവനും ആയ, ദൈവത്തെ സ്തുതിക്കുവിൻ.
15അനന്തരം, അവൾ സഞ്ചിയിൽനിന്ന് ആ തലയെടുത്ത് അവരെ കാണിച്ചുകൊണ്ടു പറഞ്ഞു: നോക്കൂ, അസ്സീറിയൻ സൈന്യാധിപനായ ഹോളോഫർണസിൻെറ ശിര സ്സും മേൽക്കട്ടിയും. ഇതിന്റെ കീഴിലാണ് കുടിച്ചു മത്തുപിടിച്ച് അവൻ ശയിച്ചത്. ഒരു സ്ത്രീയുടെ കൈയാൽ കർത്താവ് അവനെ വീഴ്ത്തി.
16ഞാൻ പോയ വഴിയിൽ എന്നെ സംരക്ഷിച്ച കർത്താവാണേ, എന്റെ മുഖമാണ് അവനെ നാശത്തിന്റെ കെണിയിൽ കുടുക്കിയതും പാപകരമായ പ്രവൃത്തിയാൽ എന്നെ മലിനയാക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഇടവരുത്താതിരുന്നതും.
17ജനം അദ്ഭുതപരതന്ത്രരായി, ദൈവത്തെ കുമ്പിട്ടാരാധിച്ച്, ഏകസ്വരത്തിൽ ഉദ്ഘോഷിച്ചു; ഞങ്ങളുടെ ദൈവമേ, അവിടുന്ന് വാഴ്ത്തപ്പെടട്ടെ! അവിടുത്തെ ജനത്തിന്റെ ശത്രുക്കളെ ഇന്ന് അവിടുന്ന് നിന്ദ്യരാക്കി.
18ഉസിയാ അവളോടു പറഞ്ഞു: മകളേ, ഭൂമിയിലെ സ്ത്രീകളിൽവച്ച് അത്യുന്നതനായ ദൈവത്താൽ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ടവളാണു നീ. ആകാശവും ഭൂമിയും സൃഷ്ടിച്ചവനും, ശത്രുനേതാവിന്റെ തല തകർക്കാൻ നിന്നെ നയിച്ചവനുമായ ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ!
19ജനം ദൈവത്തിന്റെ ശക്തി അനുസ്മരിക്കുമ്പോൾ, നീ ദൈവത്തിൽ അർപ്പിച്ച പ്രത്യാശ അവരുടെ ഹൃദയങ്ങളിൽനിന്നു വിട്ടുപോവുകയില്ല.
20ഇതു നിനക്കൊരു ശാശ്വത ബഹുമതിയാകാൻ ദൈവം കനിയട്ടെ! അനുഗ്രഹങ്ങളാൽ അവിടുന്ന് നിന്നെ നിറയ്ക്കട്ടെ! എന്തെന്നാൽ, നമ്മുടെ ദേശം അപമാനിതമായപ്പോൾ നീ സ്വജീവൻ അവഗണിച്ച്, ദൈവ സന്നിധിയിൽ നേർവഴിയിലൂടെ ചരിച്ച്, ശത്രുക്കളോടു പ്രതികാരംചെയ്ത്, നാശത്തിൽ നിന്ന് അതിനെ രക്ഷിച്ചു. അങ്ങനെ തന്നെ, അങ്ങനെതന്നെ! ജനം ഉദ്ഘോഷിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്