Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

യൂദിത്ത് 12

അധ്യായങ്ങൾ

ശത്രുപാളയത്തിൽ വസിക്കുന്നു

1വെള്ളിപ്പാത്രങ്ങൾ വച്ചിരിക്കുന്ന മുറിയിലേക്ക് അവളെ നയിക്കാൻ അവൻ അവരോട് ആജ്ഞാപിച്ചു. തൻെറ ഭക്ഷണ വിഭവങ്ങളിൽ ചിലതുകൊണ്ട് അവൾക്കു വിരുന്നൊരുക്കാനും തൻെറ വീഞ്ഞു പകർന്നുകൊടുക്കാനും അവൻ കൽപിച്ചു.
2അപ്പോൾ യൂദിത്തു പറഞ്ഞു: എനിക്കതു ഭക്ഷിച്ചുകൂടാ; അത് നിയമവിരുദ്ധമാണ്. എനിക്ക് ഞാൻ കൊണ്ടുവന്നിട്ടുള്ള സാധനങ്ങൾ ഉണ്ട്.
3ഹോളോഫർണസ് പ്രതിവചിച്ചു. നിന്റെ പക്കലുള്ളതു തീരുമ്പോൾ ഞങ്ങൾ അത് എവിടെനിന്നു കൊണ്ടുവരും? നിന്റെ ജനത്തിലാരും ഇവിടെ ഇല്ലല്ലോ.
4യൂദിത്ത് പറഞ്ഞു: നാഥാ, നിന്റെ ജീവനാണേ, കർത്താവ് എന്റെ കരത്താൽ നിർവഹിക്കാനുറച്ചതു ചെയ്യുംവരെ നിന്റെ ദാസിയുടെ കൈവശമുള്ള സാധനങ്ങൾ തീരുകയില്ല.
5അനന്തരം, ഹോളോഫർണസിൻെറ ഭൃത്യൻമാർ അവളെ കൂടാരത്തിനുള്ളിലേക്കു കൊണ്ടുപോയി. അർദ്ധരാത്രിവരെ അവൾ ഉറങ്ങി. പ്രഭാതത്തിനുമുൻപ് അവൾ ഉണർന്നു.
6ഹോളോഫർണസിൻെറ അടുത്തേക്ക് ആളെ അയച്ച് അവൾ അപേക്ഷിച്ചു. നിന്റെ ദാസി പുറത്തുപോയി പ്രാർഥിക്കുന്നതിനു കൽപിച്ചനുവദിക്കണം.
7അവളെ തടയരുത് എന്ന് ഹോളോഫർണസ് കാവൽഭടൻമാർക്കു കൽപന നൽകി. അവൾ മൂന്നു ദിവസം പാളയത്തിൽ പാർക്കുകയും രാത്രിതോറും ബത്തൂലിയാത്താഴ്വരയിൽ പോയി പാളയത്തിലെ അരുവിയിൽ കുളിക്കുകയും ചെയ്തു.
8അരുവിയിൽനിന്നു പുറത്തു വരുമ്പോൾ അവൾ സ്വജനങ്ങളെ ഉദ്ധരിക്കുന്നതിനു മാർഗം കാണിച്ചുതരണമേ എന്ന് ഇസ്രായേലിന്റെ ദൈവമായ കർത്താവിനോടു പ്രാർഥിച്ചുപോന്നു.
9അങ്ങനെ സംശുദ്ധയായി അവൾ കൂടാരത്തിലേക്കു മടങ്ങുകയും അത്താഴം കഴിയുന്നതുവരെ അവിടെ തങ്ങുകയും ചെയ്തു.

ഹോളോഫർണസിൻെറ വിരുന്ന്

10നാലാംദിവസം ഹോളോഫർണസ് സേനാധിപൻമാരെ ആരെയും ക്ഷണിക്കാതെ, അടിമകൾക്കു മാത്രമായി ഒരു വിരുന്നൊരുക്കി.
11തൻെറ സ്വകാര്യ പരിചാരകനായ ഷൺഡൻ ബഗോവാസിനോട് അവൻ പറഞ്ഞു: നീ പോയി നിന്റെ സംരക്ഷണയിലിരിക്കുന്ന ആ ഹെബ്രായ സ്ത്രീയെ ഞങ്ങളോടൊത്തു ഭക്ഷിക്കാനും പാനംചെയ്യാനും പ്രേരിപ്പിക്കുക.
12അത്തരമൊരു സ്ത്രീയുടെ സഹവാസം ആസ്വദിക്കാതെ വിടുന്നത് അപമാനകരമാണ്. നാം അവളെ ആശ്ലേഷിക്കാതിരുന്നാൽ അവൾതന്നെ നമ്മെ പരിഹ സിക്കും.
13ബഗോവാസ് യൂദിത്തിനെ സമീപിച്ചു പറഞ്ഞു: സുന്ദരിയായ പരിചാരികേ, വരുക. ഹോളോഫർണസിൻെറ സാന്നിധ്യത്തിൽ ബഹുമാനിതയാവുക. വീഞ്ഞു കുടിച്ചു ഞങ്ങളോടൊത്തുല്ലസിക്കുക. ഇന്നു നീ നബുക്കദ്നേസറിൻെറ ഭവനത്തിൽ സേവനം ചെയ്യുന്ന അസ്സീറിയാപുത്രിമാർക്കു തുല്യയായി ഭവിക്കുക.
14യൂദിത്ത് പ്രതിവചിച്ചു: എന്റെ യജമാനനെ നിരസിക്കാൻ ഞാനാര്? അവനു പ്രീതികരമായതെന്തും ഞാൻ നിശ്ചയമായും ഉടൻ അനുഷ്ഠിക്കും. മരണംവരെ അത് എനിക്ക് സന്തോഷജനകമായിരിക്കും.
15അവൾ എഴുന്നേറ്റു തനിക്കിണങ്ങിയ എല്ലാത്തരം ആടയാഭരണങ്ങളും അണിഞ്ഞു. അവളുടെ നിതേ്യാപയോഗത്തിനു ബഗോവാസ് നൽകിയ മൃദുലമായ ആട്ടിൻതോൽ യൂദിത്തിന് ചാരിക്കിടന്നു ഭക്ഷണം കഴിക്കേണ്ടതിനു ഹോളോഫർണസിൻെറ മുൻപിൽ ദാസി വിരിച്ചു.യൂദിത്ത് അകത്തുകടന്ന് അതിൽ ശയിച്ചു.
16ഹോളോഫർണസിൻെറ ഹൃദയത്തിൽ അവളെക്കുറിച്ചുള്ള അഭിലാഷം നിറഞ്ഞു. അവളെ സ്വന്തമാക്കാൻ അവൻ കൊതിച്ചു. ആദ്യമായി കണ്ടതുമുതൽ അവളെ കുടുക്കാൻ അവൻ അവസരം പാർത്തിരിക്കുകയായിരുന്നു.
17ഹോളോഫർണസ് അവളോടു പറഞ്ഞു: കുടിച്ച് ഞങ്ങളോടൊത്തുല്ലസിക്കുക.
18യൂദിത്തു പറഞ്ഞു: പ്രഭോ ഇപ്പോൾ ഞാൻ കുടിക്കും; എന്തെന്നാൽ ജനനം മുതൽ ഇന്നു വരെയുള്ള ഏതു ദിവസത്തെയുംകാൾ ഇന്ന് എനിക്ക് എന്റെ ജീവൻ വിലപ്പെട്ടതാണ്.
19അതിനുശേഷം, തൻെറ ദാസി പാകപ്പെടുത്തിയിരുന്ന ഭക്ഷണപാനീയങ്ങൾ അവൾ അവന്റെ മുൻപിൽവച്ചു കഴിച്ചു.
20ഹോളോഫർണസ് അവളിൽ അത്യധികം പ്രസാദിച്ചു. ജീവിതത്തിലൊരിക്കലും കുടിച്ചിട്ടില്ലാത്തത്ര വീഞ്ഞു കുടിക്കുകയും ചെയ്തു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്