യോഹന്നാൻ 9
അധ്യായങ്ങൾ
അന്ധനെ സുഖപ്പെടുത്തുന്നു
1അവൻ കടന്നുപോകുമ്പോൾ, ജന്മനാ അന്ധനായ ഒരുവനെ കണ്ടു.
2ശിഷ്യൻമാർ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കൻമാരുടെയോ?
3 യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കൻമാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്.
4എന്നെ അയച്ചവന്റെ പ്രവൃത്തികൾ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആർക്കും ജോലിചെയ്യാൻ കഴിയാത്ത രാത്രി വരുന്നു.
5ലോകത്തിലായിരിക്കുമ്പോൾ ഞാൻ ലോകത്തിൻെറ പ്രകാശമാണ്.
6ഇതു പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി; തുപ്പൽകൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളിൽ പൂശിയിട്ട്,
7അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്ക്കപ്പെട്ടവൻ എന്നർഥം - കുളത്തിൽ കഴുകുക. അവൻ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു.
8അയൽക്കാരും അവനെ മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവൻതന്നെയല്ലേ, അവിടെയിരുന്നു ഭിക്ഷയാചിച്ചിരുന്നവൻ?
9ചിലർ പറഞ്ഞു: ഇവൻതന്നെ, മറ്റുചിലർ പറഞ്ഞു: അല്ല, ഇവൻ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാൽ അവൻ പറഞ്ഞു: ഞാൻ തന്നെ.
10അപ്പോൾ അവർ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകൾ തുറക്കപ്പെട്ടത്?
11അവൻ പറഞ്ഞു: യേശു എന്നു പേരുള്ള മനുഷ്യൻ ചെളിയുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി, സീലോഹായിൽ പോയി കഴുകുക എന്നു പറഞ്ഞു. ഞാൻ പോയി കഴുകി; എനിക്കു കാഴ്ച ലഭിച്ചു.
12എന്നിട്ട് അവനെവിടെ എന്ന് അവർ ചോദിച്ചു. എനിക്കറിഞ്ഞുകൂടാ എന്ന് അവൻ മറുപടി പറഞ്ഞു.
13മുമ്പ് അന്ധനായിരുന്ന അവനെ അവർ ഫരിസേയരുടെ അടുത്തു കൊണ്ടുചെന്നു.
14 യേശു ചെളിയുണ്ടാക്കി അവന്റെ കണ്ണുകൾ തുറന്നത് ഒരു സാബത്തു ദിവസമാണ്.
15വീണ്ടും ഫരിസേയർ അവനോട് എങ്ങനെ അവനു കാഴ്ച ലഭിച്ചു എന്നു ചോദിച്ചു. അവൻ പറഞ്ഞു: അവൻ എന്റെ കണ്ണുകളിൽ ചെളി പുരട്ടി; ഞാൻ കഴുകി; ഞാൻ കാണുകയും ചെയ്യുന്നു.
16ഫരിസേയരിൽ ചിലർ പറഞ്ഞു: ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ല. എന്തെന്നാൽ, അവൻ സാബത്ത് ആചരിക്കുന്നില്ല. എന്നാൽ മറ്റുള്ളവർ പറഞ്ഞു: പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയും? അങ്ങനെ അവരുടെയിടയിൽ ഭിന്നതയുണ്ടായി.
17അപ്പോൾ ആ അന്ധനോടു വീണ്ടും അവർ ചോദിച്ചു: അവൻ നിന്റെ കണ്ണുകൾ തുറന്നല്ലോ; അവനെപ്പറ്റി നീഎന്തു പറയുന്നു? അവൻ പറഞ്ഞു: അവൻ ഒരു പ്രവാചകനാണ്.
18അവൻ അന്ധനായിരുന്നെന്നും കാഴ്ചപ്രാപിച്ചെന്നും കാഴ്ച ലഭിച്ചവന്റെ മാതാപിതാക്കൻമാരെ വിളിച്ചു ചോദിക്കുവോളം, യഹൂദർ വിശ്വസിച്ചില്ല.
19അവർ ചോദിച്ചു: അന്ധനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവനാണോ? ആണെങ്കിൽ എങ്ങനെയാണ് അവനിപ്പോൾ കാണുന്നത്?
20അവന്റെ മാതാപിതാക്കൻമാർ പറഞ്ഞു: അവൻ ഞങ്ങളുടെ മകനാണെന്നും അവൻ അന്ധനായി ജനിച്ചു എന്നും ഞങ്ങൾക്കറിയാം.
21എന്നാൽ, ഇപ്പോൾ അവൻ എങ്ങനെ കാണുന്നു എന്നും അവന്റെ കണ്ണുകൾ ആരു തുറന്നു എന്നും ഞങ്ങൾക്കറിഞ്ഞുകൂടാ. അത് അവനോടുതന്നെ ചോദിക്കുവിൻ. അവനു പ്രായം ആയല്ലോ. തന്നെക്കുറിച്ച് അവൻ തന്നെ പറയും.
22അവന്റെ മാതാപിതാക്കൻമാർ ഇങ്ങനെ പറഞ്ഞത് യഹൂദരെ ഭയന്നിട്ടാണ്. കാരണം, യേശുവിനെ ക്രിസ്തു എന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാൽ അവനെ സിനഗോഗിൽനിന്നു പുറത്താക്കണമെന്ന് യഹൂദർ തീരുമാനിച്ചിരുന്നു.
23അതുകൊണ്ടാണ്, അവന്റെ മാതാപിതാക്കൻമാർ അവനു പ്രായമായല്ലോ; അവനോടുതന്നെ ചോദിക്കുവിൻ എന്നു പറഞ്ഞത്.
24അന്ധനായിരുന്ന അവനെ യഹൂദർ വീണ്ടും വിളിച്ച് അവനോട് പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യൻ പാപിയാണെന്നു ഞങ്ങൾക്കറിയാം.
25അവൻ പറഞ്ഞു: അവൻ പാപിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാൽ, ഒരു കാര്യം എനിക്കറിയാം. ഞാൻ അന്ധനായിരുന്നു; ഇപ്പോൾ ഞാൻ കാണുന്നു.
26അവർ ചോദിച്ചു: അവൻ നിനക്കുവേണ്ടി എന്തു ചെയ്തു? എങ്ങനെയാണ് അവൻ നിന്റെ കണ്ണുകൾ തുറന്നത്?
27അവൻ മറുപടി പറഞ്ഞു: നിങ്ങളോടു ഞാൻ പറഞ്ഞുകഴിഞ്ഞുവല്ലോ. അപ്പോൾ നിങ്ങൾ കേട്ടില്ല. എന്തുകൊണ്ടാണ് വീണ്ടും കേൾക്കാൻ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവന്റെ ശിഷ്യരാകുവാൻ ഇച്ഛിക്കുന്നുവോ?
28അവനെ ശകാരിച്ചുകൊണ്ട് അവർ പറഞ്ഞു: നീയാണ് അവന്റെ ശിഷ്യൻ. ഞങ്ങൾ മോശയുടെ ശിഷ്യൻമാരാണ്.
29ദൈവം മോശയോടു സംസാരിച്ചുവെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, ഈ മനുഷ്യൻ എവിടെനിന്നാണെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ.
30അവൻ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവൻ എവിടെനിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാൽ, അവൻ എന്റെ കണ്ണുകൾ തുറന്നു.
31ദൈവം പാപികളുടെ പ്രാർഥന കേൾക്കുകയില്ലെന്നു നമുക്കറിയാം. എന്നാൽ, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുന്നവന്റെ പ്രാർഥന ദൈവം ശ്രവിക്കുന്നു.
32അന്ധനായിപ്പിറന്ന ഒരു മനുഷ്യന്റെ കണ്ണ് ആരും തുറന്നതായി ലോകാരംഭം മുതൽ ഇന്നോളം കേട്ടിട്ടില്ല.
33ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ള വനല്ലെങ്കിൽ ഒന്നുംചെയ്യാൻ അവനു കഴിയുമായിരുന്നില്ല.
34അപ്പോൾ അവർ പറഞ്ഞു: തികച്ചും പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവർ അവനെ പുറത്താക്കി.
ആത്മീയാന്ധത
35അവർ അവനെ പുറത്താക്കി എന്നു യേശു കേട്ടു. അവനെക്കണ്ടപ്പോൾ യേശു ചോദിച്ചു: മനുഷ്യപുത്രനിൽ നീ വിശ്വസിക്കുന്നുവോ?
36അവൻ ചോദിച്ചു: കർത്താവേ, ഞാൻ അവനിൽ വിശ്വസിക്കേണ്ടതിന് അവൻ ആരാണ്?
37 യേശു പറഞ്ഞു: നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവൻതന്നെയാണ് അവൻ .
38കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ യേശുവിനെ പ്രണമിച്ചു.
39 യേശു പറഞ്ഞു: കാഴ്ചയില്ലാത്ത വർ കാണുകയും കാഴ്ചയുള്ളവർ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന്ന്യായവിധിക്കായിട്ടാണു ഞാൻ ഈ ലോകത്തിലേക്കു വന്നത്.
40അവന്റെ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയർ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോൾ ഞങ്ങളും അന്ധരാണോ?
41 യേശു അവരോടു പറഞ്ഞു: അന്ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നു. അതുകൊണ്ടു നിങ്ങളിൽ പാപം നിലനിൽക്കുന്നു.