Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

യോഹന്നാൻ 5

അധ്യായങ്ങൾ

ബേത്സഥായിലെ രോഗശാന്തി

1ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി.
2ജറുസലെമിൽ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയിൽ ബേത്സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചുമൺഡപങ്ങളും.
4അവിടെ കുരുടരും മുടന്തരും തളർവാതക്കാരുമായ അനേകം രോഗികൾ കിടന്നിരുന്നു.
5മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരുവൻ അവിടെയുണ്ടായിരുന്നു.
6അവൻ അവിടെ കിടക്കുന്നത് യേശു കണ്ടു. അവൻ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ?
7അവൻ പറഞ്ഞു: കർത്താവേ, വെള്ളമിളകുമ്പോൾ എന്നെ കുളത്തിലേക്കിറക്കാൻ ആരുമില്ല. ഞാൻ എത്തുമ്പോഴേക്കും മറ്റൊരുവൻ വെള്ളത്തിൽ ഇറങ്ങിക്കഴിഞ്ഞിരിക്കും.
8 യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.
9അവൻ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു. അന്ന് സാബത്ത് ആയിരുന്നു.
10അതിനാൽ, സുഖംപ്രാപിച്ച ആ മനുഷ്യനോടു യഹൂദർ പറഞ്ഞു: ഇന്നു സാബത്താകയാൽ കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ്.
11അവൻ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവൻ നിന്റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു പറഞ്ഞു.
12അപ്പോൾ അവർ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവൻ ആരാണ്?
13അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിൽ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാൽ അവൻ ആരാണെന്നു സുഖം പ്രാപിച്ചവൻ അറിഞ്ഞിരുന്നില്ല.
14പിന്നീട് യേശു ദേവാലയത്തിൽവച്ച് അവനെ കണ്ടപ്പോൾ പറഞ്ഞു: ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതൽ മോശമായതൊന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യ രുത്.
15അവൻ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്ന് യഹൂദരെ അ റിയിച്ചു.
16സാബത്തിൽ ഇപ്രകാരം പ്രവർത്തിച്ചതിനാൽ യഹൂദർ യേശുവിനെ ദേ്വഷിച്ചു.
17 യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവർത്തനനിരതനാണ്; ഞാനും പ്രവർത്തിക്കുന്നു.
18ഇതുമൂലം അവനെ വധിക്കാൻ യഹൂദർ കൂടുതലായി പരിശ്രമിച്ചു. കാരണം, അവൻ സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ട് ദൈവത്തെ തൻെറ പിതാവെന്നു വിളിക്കുകയുംചെയ്തു.

പുത്രൻെറ അധികാരം

19 യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു.
20എന്തെന്നാൽ, പിതാവു പുത്രനെ സ്നേഹിക്കുകയും താൻ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങൾ വിസ്മയിക്കത്തക്കവിധം ഇവയെക്കാൾ വലിയ പ്രവൃത്തികളും അവിടുന്ന് അവനെ കാണിക്കും.
21പിതാവ് മരിച്ചവരെ എഴുന്നേൽപിച്ച് അവർക്കു ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്കു ജീവൻ നൽകുന്നു.
22പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏൽപിച്ചിരിക്കുന്നു.
23പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല.
24സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവൻ മരണത്തിൽനിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.
25സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മരിച്ചവർ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവർ ജീവിക്കും.
26എന്തെന്നാൽ, പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവനുണ്ടാകാൻ അവിടുന്നു വരം നൽകിയിരിക്കുന്നു.
27മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നൽകിയിരിക്കുന്നു.
28ഇതിൽ നിങ്ങൾ വിസ്മയിക്കേണ്ടാ. എന്തെന്നാൽ, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.
29അപ്പോൾ നൻമ ചെയ്തവർ ജീവന്റെ ഉയിർപ്പിനായും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ ഉയിർപ്പിനായും പുറത്തു വരും.

യേശുവിൻെറ സാക്ഷ്യം

30സ്വമേധയാ ഒന്നും ചെയ്യാൻ എനിക്കു സാധിക്കുകയില്ല. ഞാൻ ശ്രവിക്കുന്നതുപോലെ, ഞാൻ വിധിക്കുന്നു. എന്റെ വിധി നീതിപൂർവകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാൻ അനേ്വഷിക്കുന്നത്.
31ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കിൽ എന്റെ സാക്ഷ്യം സത്യമല്ല.
32എന്നെക്കുറിച്ചു സാക്ഷ്യം നൽകുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം.
33നിങ്ങൾ യോഹന്നാന്റെ അടുത്തേക്ക് ആളയച്ചു. അവൻ സത്യത്തിനു സാക്ഷ്യം നൽകുകയും ചെയ്തു.
34ഞാൻ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നു എന്നു വിചാരിക്കേണ്ടാ; നിങ്ങൾ രക്ഷിക്കപ്പെടേണ്ടതിനാണ് ഞാൻ ഇതെല്ലാം പറയുന്നത്.
35കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവൻ . അൽപസമയത്തേക്ക് അവന്റെ പ്രകാശത്തിൽ ആഹ്ളാദിക്കാൻ നിങ്ങൾ ഒരുക്കവുമായിരുന്നു.
36എന്നാൽ, യോഹന്നാൻേറതിനെക്കാൾ വലിയ സാക്ഷ്യം എനിക്കുണ്ട്. എന്തെന്നാൽ, ഞാൻ പൂർത്തിയാക്കാനായി പിതാവ് എന്നെ ഏൽപിച്ച ജോലികൾ - ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾതന്നെ - പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു.
37എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങൾ ഒരിക്കലുംകേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല.
38അവിടുന്ന് അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളിൽ വസിക്കുന്നില്ല.
39വിശുദ്ധ ലിഖിതങ്ങൾ നിങ്ങൾ പഠിക്കുന്നു, എന്തെന്നാൽ, അവയിൽ നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ചു സാക്ഷ്യം നൽകുന്നത്.
40എന്നിട്ടും നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്കുവരാൻ നിങ്ങൾ വിസമ്മതിക്കുന്നു.
41മനുഷ്യരിൽനിന്നു ഞാൻ മഹത്വം സ്വീകരിക്കുന്നില്ല.
42എനിക്കു നിങ്ങളെ അറിയാം. നിങ്ങളിൽ ദൈവസ്നേഹമില്ല.
43ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങൾ എന്നെ സ്വീകരിക്കുന്നില്ല. എന്നാൽ, മറ്റൊരുവൻ സ്വന്തം നാമത്തിൽ വന്നാൽ നിങ്ങൾ അവനെ സ്വീകരിക്കും.
44പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തിൽനിന്നു വരുന്ന മഹത്വം അനേ്വഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?
45പിതാവിന്റെ സന്നിധിയിൽ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നു നിങ്ങൾ വിചാരിക്കേണ്ടാ. നിങ്ങൾ പ്രത്യാശ അർപ്പിച്ചിരിക്കുന്നമോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക.
46നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ച് അവൻ എഴുതിയിരിക്കുന്നു.
47എന്നാൽ, അവൻ എഴുതിയവനിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ എന്റെ വാക്കുകൾ എങ്ങനെ വിശ്വസിക്കും?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്