ജോയേൽ 3
അധ്യായങ്ങൾ
ജനതകളുടെമേൽ വിധി
1ആ നാളുകളിൽ, ഞാൻ യൂദായുടെയും ജറുസലെമിൻെറയും ഭാഗധേയം നിർണയിക്കുന്ന നാളുകളിൽ,
2ഞാൻ എല്ലാ ജനതകളെയും ഒരുമിച്ചു കൂട്ടുകയുംയഹോഷാഫാത്തിൻെറ താഴ്വരയിലേക്കു കൊണ്ടുവരുകയും ചെയ്യും. എന്റെ ജനവും അവകാശ വുമായ ഇസ്രായേലിനെപ്രതി ഞാൻ അവരെ അവിടെവച്ച് വധിക്കും. എന്തെന്നാൽ, അവർ എന്റെ ജനത്തെ ജനതകളുടെയിടയിൽ ചിതറിക്കുകയും എന്റെ ദേശം വിഭജിച്ചെടുക്കുകയും ചെയ്തു.
3എന്റെ ജനത്തിനുവേണ്ടി അവർ നറുക്കിട്ടു. ഒരു വേശ്യയ്ക്കു വേണ്ടി ഒരു ബാലനെയും കുടിക്കാൻ വീഞ്ഞിനുവേണ്ടി ബാലികയെയും അവർ വിറ്റു.
4ടയിർ, സീദോൻ, സകല ഫിലിസ്ത്യപ്രദേശങ്ങളേ, നിങ്ങൾക്ക് എന്നോടു എന്തുചെയ്യാൻ കഴിയും? എന്നോട് പ്രതികാരം ചെയ്യാനാണോ നിങ്ങളുടെ ഭാവം? എങ്കിൽ, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തന്നെതലയിൽ വേഗം, ഞൊടിയിടയിൽ ഞാൻ പതിപ്പിക്കും.
5എന്തെന്നാൽ, നിങ്ങൾ എന്റെ വെള്ളിയും സ്വർണവും അനർഘനിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
6നിങ്ങൾ യൂദായിലെയും ജറുസലെമിലെയും ജനത്തെ അവരുടെ അതിർത്തികളിൽനിന്ന് അകറ്റിയവനർക്കു വിറ്റു.
7നിങ്ങൾ അവരെ വിറ്റ സ്ഥലത്തുനിന്നുതന്നെ ഞാൻ അവരെ ഇളക്കിവിടുകയും നിങ്ങളുടെ പ്രവൃത്തികൾക്കു നിങ്ങളുടെ തന്നെതലയിൽ പകരംവീട്ടുകയും ചെയ്യും.
8ഞാൻ നിങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും യൂദായുടെ സന്തതികൾക്കു വിൽക്കും. യൂദാസന്തതികൾ അവരെ വിദൂരത്തുള്ള സബേയർക്കു വിൽക്കും - കർത്താവ് അരുളിച്ചെയ്തിരിക്കുന്നു.
9ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ,യുദ്ധത്തിന് ഒരുങ്ങുവിൻ, ശക്തൻമാരെ ഉണർത്തുവിൻ, സകല യോദ്ധാക്കളും ഒരുമിച്ചു ചേർന്നു മുന്നേറട്ടെ!
10നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും രൂപാന്തരപ്പെടുത്തുവിൻ. താൻ ഒരു യോദ്ധാവാണെന്നു ദുർബലൻ പറയട്ടെ.
11ചുറ്റുമുള്ള സകല ജനതകളേ, ഓടി വരുവിൻ, അവിടെ ഒരുമിച്ചു കൂടുവിൻ. കർത്താവേ, അങ്ങയുടെ സൈന്യത്തെ അയയ്ക്കണമേ!
12ജനതകൾ ഉണർന്നു യഹോഷാഫാത്തിന്റെ താഴ്വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാൻ ഞാൻ ന്യായാസനത്തിൽ ഉപവിഷ്ടനാകും.
13അരിവാൾ എടുക്കുവിൻ; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിൻ; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികൾ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണ്.
14വിധിയുടെ താഴ്വരയിൽ, അതാ, ജനസഞ്ചയം. വിധിയുടെ താഴ്വരയിൽ, കർത്താവിന്റെ ദിനം അടുത്തിരിക്കുന്നു.
15സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങൾ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു.
ഇസ്രായേലിന് അനുഗ്രഹം
16കർത്താവ് സീയോനിൽ നിന്നു ഗർജിക്കുന്നു; ജറുസലെമിൽ നിന്ന് അവിടുത്തെ ശബ്ദം മുഴങ്ങുന്നു; ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുന്നു. എന്നാൽ, കർത്താവ് തൻെറ ജനത്തിന് അഭയമാണ്; ഇസ്രായേൽ ജനത്തിനു ശക്തിദുർഗം.
17എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്ന, നിങ്ങളുടെ ദൈവമായ കർത്താവാണു ഞാൻ എന്നു നിങ്ങൾ അറിയും. ജറുസലെം വിശുദ്ധമായിരിക്കും. അന്യർ ഇനി ഒരിക്കലും അതിലൂടെ കടന്നുപോവുകയില്ല.
18അന്നു പർവതങ്ങളിൽനിന്നു മധുരവീഞ്ഞ് ഇറ്റുവീഴും; കുന്നുകളിൽ നിന്നു പാൽ ഒഴുകും. യൂദായിലെ അരുവികളിൽ ജലം നിറയും. കർത്താവിന്റെ ആലയത്തിൽനിന്ന് ഒരു നീരുറവ പുറപ്പെട്ട് ഷിത്തിം താഴ്വരയെ നനയ്ക്കും.
19 യൂദായിലെ ജനത്തോട് അക്രമം പ്രവർത്തിക്കുകയും അവരുടെ ദേശത്തുവച്ച് നിഷ്കളങ്കരക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്ത് ശൂന്യമാവുകയും ഏദോം നിർജനഭൂമിയാവുകയും ചെയ്യും.
20എന്നാൽ, യൂദായും ജറുസലെമും തലമുറകളോളം അധിവസിക്കപ്പെടും.
21അവരുടെ രക്തത്തിനു ഞാൻ പ്രതികാരം ചെയ്യും. കുറ്റവാളികളെ ഞാൻ വെറുതെ വിടുകയില്ല. കർത്താവു സീയോനിൽ വസിക്കുന്നു.