Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

യാക്കോബ് 4

അധ്യായങ്ങൾ

ലൗകികതൃഷ്ണ

1നിങ്ങളുടെ ഇടയിൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളിൽ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളിൽ നിന്നല്ലേ അവ ഉണ്ടാകുന്നത്?
2നിങ്ങൾ ആഗ്രഹിക്കുന്നതു നിങ്ങൾക്കു ലഭിക്കുന്നില്ല. നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു. എന്നാൽ, നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങൾ വഴക്കിടുകയുംയുദ്ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങൾ ആവശ്യപ്പെടുന്നില്ല; അതിനാൽ നിങ്ങൾക്കു ലഭിക്കുന്നില്ല.
3ചോദിച്ചിട്ടും നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താൻ നിങ്ങൾ തിൻമയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.
4വിശ്വസ്തത പുലർത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങൾ അറിയുന്നില്ലേ? ലോകത്തിൻെറ മിത്ര മാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.
5നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്നതിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങൾ വിചാരിക്കുന്നുവോ?
6അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്കു കൃപ കൊടുക്കുകയും ചെയ്യുന്നു.
7ആകയാൽ ദൈവത്തിനു വിധേയരാകുവിൻ; പിശാചിനെ ചെറുത്തു നിൽക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകന്നുകൊള്ളും.
8ദൈവത്തോടു ചേർന്നുനിൽക്കുവിൻ; അവിടുന്ന് നിങ്ങളോടും ചേർന്നുനിൽക്കും. പാപികളേ, നിങ്ങൾ കരങ്ങൾ ശുചിയാക്കുവിൻ. സന്ദിഗ്ധമനസ്കരേ, നിങ്ങളുടെ ഹൃദയങ്ങൾ ശുചിയാക്കുവിൻ.
9ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ.
10കർത്താവിന്റെ സന്നിധിയിൽ താഴ്മയുള്ളവരായിരിക്കുവിൻ. അവിടുന്നു നിങ്ങളെ ഉയർത്തും.

സഹോദരനെ വിധിക്കരുത്

11സഹോദരരേ, നിങ്ങൾ പരസ്പരം എതിർത്തു സംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നവൻ, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കിൽ, നീ നിയമം അനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികർത്താവത്രേ.
12നിയമദാതാവുംന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാൽ അയൽക്കാരനെ വിധിക്കാൻ നീ ആരാണ്?

ആത്മപ്രശംസ പാടില്ല

13ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ട ണത്തിൽ പോയി, അവിടെ ഒരു വർഷം താമസിച്ച്, വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.
14നാളത്തെനിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ. അൽപനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞാണു നിങ്ങൾ.
15നിങ്ങൾ ഇങ്ങനെയാണ് പറയേണ്ടത്: കർത്താവു മനസ്സാകുന്നെങ്കിൽ, ഞങ്ങൾ ജീവിക്കുകയുംയഥായുക്തം പ്രവർത്തിക്കുകയും ചെയ്യും.
16നിങ്ങളോ, ഇപ്പോൾ വ്യർഥ ഭാഷണത്താൽ ആത്മപ്രശംസ ചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിൻമയാണ്.
17ചെയ്യേണ്ട നൻമ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്