ഗലാത്തിയാ 6
അധ്യായങ്ങൾ
പരസ്പരം സഹായിക്കുക
1സഹോദരരേ, ഒരുവൻ എന്തെങ്കിലും തെറ്റിലകപ്പെട്ടാൽ ആത്മീയരായ നിങ്ങൾ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിൻ. നിങ്ങളും പ്രലോഭിതരാകാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ.
2പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിൻെറ നിയമം പൂർത്തിയാക്കുവിൻ.
3ഒരുവൻ താൻ ഒന്നുമല്ലാതിരിക്കേ, എന്തോ ആണെന്നു ഭാവിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ വഞ്ചിക്കുന്നു.
4എന്നാൽ, ഓരോ വ്യക്തിയും സ്വന്തം ചെയ്തികൾ വിലയിരുത്തട്ടെ. അപ്പോൾ അഭിമാനിക്കാനുള്ള വക അവനിൽത്തന്നെയായിരിക്കും, മറ്റുള്ളവരിലായിരിക്കുകയില്ല.
5എന്തെന്നാൽ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ.
6വചനം പഠിക്കുന്നവൻ തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടെയും പങ്ക് തൻെറ അധ്യാപകനു നൽകണം.
7നിങ്ങൾക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യൻ വിതയ്ക്കുന്നതുതന്നെ കൊയ്യും.
8എന്തെന്നാൽ, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവിൽനിന്നു നിത്യജീവൻ കൊയ്തെടുക്കും.
9നൻമ ചെയ്യുന്നതിൽ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാൽ, നമുക്കു മടുപ്പുതോന്നാതിരുന്നാൽ യഥാകാലം വിളവെടുക്കാം.
10ആകയാൽ, നമുക്ക് അവസരം ലഭിച്ചിരിക്കുന്നതുകൊണ്ട് സകല മനുഷ്യർക്കും, പ്രതേ്യകിച്ച്, വിശ്വാസത്താൽ ഒരേ കുടുംബത്തിൽ അംഗങ്ങളായവർക്ക്, നൻമ ചെയ്യാം.
അന്തിമ നിർദേശങ്ങൾ
11എന്റെ സ്വന്തം കൈപ്പടയിൽ എത്ര വലിയ അക്ഷരങ്ങളിലാണ് ഞാൻ എഴുതിയിരിക്കുന്നതെന്നു നോക്കൂ!
12ശാരീരികമായ ബാഹ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നവരാണ് പരിച്ഛേദനകർമത്തിനു നിങ്ങളെ നിർബന്ധിക്കുന്നത്. ക്രിസ്തുവിൻെറ കുരിശിനെപ്രതി പീഡിപ്പിക്കപ്പെടാതിരിക്കാൻവേണ്ടി മാത്രമാണ് അവർ അങ്ങനെ ചെയ്യുന്നത്.
13എന്തെന്നാൽ, പരിച്ഛേദനം സ്വീകരിച്ച അവർപോലും നിയമം അനുസരിക്കുന്നില്ല. എന്നാൽ, നിങ്ങളുടെ ശരീരത്തെക്കുറിച്ച് അവർക്ക് മേൻമ ഭാവിക്കാൻ കഴിയേണ്ടതിനു നിങ്ങളും പരിച്ഛേദിതരായിക്കാണാൻ അവർ ആഗ്രഹിക്കുന്നു.
14നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻെറ കുരിശിലല്ലാതെ മറ്റൊന്നിലും മേൻമ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
15പരിച്ഛേദനകർമം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോകാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം.
16ഈ നിയമം അനുസരിച്ച് വ്യാപരിക്കുന്ന എല്ലാവർക്കും, അതായത്, ദൈവത്തിന്റെ ഇസ്രായേലിന് സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ.
17ഇനിമേൽ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാൽ, ഞാൻ എന്റെ ശരീരത്തിൽ യേശുവിൻെറ അടയാളങ്ങൾ ധരിക്കുന്നു.
18സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻെറ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേൻ.