2 തിമോത്തേയോസ് 1
അധ്യായങ്ങൾ
അഭിവാദനം
1 യേശുക്രിസ്തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താൽ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ്,
2പ്രേഷ്ഠപുത്രനായ തിമോത്തേയോസിന് പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നും കൃപയും കാരുണ്യവും സമാധാനവും.
വിശ്വസ്തനായിരിക്കുക
3രാവും പകലും എന്റെ പ്രാർതഥനകളിൽ ഞാൻ സദാ നിന്നെ സ്മരിക്കുമ്പോൾ, എന്റെ പിതാക്കന്മാർ ചെയ്തതുപോലെ നിർമ്മല മനഃസാക്ഷിയോടുകൂടെ ഞാൻ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.
4നിന്റെ കണ്ണീരിനെപ്പറ്റി ഓർക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാൻ ഞാൻ അതിനായി ആഗ്രഹിക്കുന്നു.
5നിന്റെ നിർവ്യാജമായ വിശ്വാസം ഞാൻ അനുസ്മരിക്കുന്നു. നിന്റെ വലിയമ്മയായ ലോവീസിനും അമ്മയായ എവുനിക്കെയിക്കും ഉണ്ടായിരുന്ന വിശ്വാസം ഇപ്പോൾ നിനക്കും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്.
6എന്റെ കൈവയ്പിലൂടെ നിനക്കുലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു.
7എന്തെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.
8നമ്മുടെ കർത്താവിനു സാക്ഷ്യം നല്കുന്നതിൽ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളിൽ നീയും പങ്കു വഹിക്കുക.
9അവിടുന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാൽ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുൻനിർത്തിയുംയുഗങ്ങൾക്കുമുമ്പ് യേശുക്രിസ്തുവിൽ നമുക്കു നല്കിയ കൃപാവരമനുസരിച്ചുമാണ്.
10ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തിൽ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവൻ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
11ഈ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പസ്തോലനും പ്രബോധകനുമായി ഞാൻ നിയമിതനായിരിക്കുന്നു.
12ഇക്കാരണത്താലാണ് ഞാൻ ഇപ്പോൾ ഇവയെല്ലാം സഹിക്കുന്നത്. ഞാൻ അതിൽ ലജ്ജിക്കുന്നില്ല. എന്തെന്നാൽ, ആരിലാണ് ഞാൻ വിശ്വാസമർപ്പിച്ചരിക്കുന്നതെന്ന് എനിക്കറിയാം. എന്നെ ഭരമേല്പ്പിച്ചിരിക്കുന്നവയെല്ലാം ആദിവസം വരെയും ഭദ്രമായി കാത്തുസുക്ഷിക്കാൻ അവനു കഴിയുമെന്നും എനിക്കു പൂർണ്ണബോധ്യമുണ്ട്.
13നീ എന്നിൽനിന്നു കേട്ടിട്ടുള്ള നല്ല പ്രബോധനങ്ങൾ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും നീ അനുസരിക്കുക, മാതൃകയാക്കുക.
14നിന്നെ ഏൽപ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങൾ നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കാത്തുസൂക്ഷിക്കുക.
15ഏഷ്യയിലുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചെന്ന് നിനക്കറിയാമല്ലോ. ഫിഗേലോസും ഹെർമോഗെനെസും അവരിലുൾപ്പെടുന്നു.
16ഒനേസിഫൊറോസിന്റെ കുടുബത്തിന്റെമേൽ കർത്താവ് കാരുണ്യം ചൊരിയട്ടെ. എന്തെന്നാൽ, അവൻ പലപ്പോഴും എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. എന്റെ ചങ്ങലകളെപ്പറ്റി അവൻ ലജ്ജിച്ചിട്ടുമില്ല.
17അവൻ റോമയിലെത്തിയപ്പോൾ എന്നെപ്പറ്റി ആകാംക്ഷാപൂർവ്വം അനേ്വഷിക്കുകയും എന്നെ കാണുകയും ചെയ്തു.
18എഫേസോസിൽ വച്ച് അവൻ ചെയ്ത സേവനളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കർത്താവിൽനിന്നു കാരുണ്യം ലഭിക്കാൻ അവിടുന്നു അവന് അനുഗ്രഹം നല്കട്ടെ!.