തീത്തോസ് 2
അധ്യായങ്ങൾ
നിർദേശങ്ങൾ
1നീ ശരിയായ വിശ്വാസസംഹിതയനുസരിച്ചുള്ള കാര്യങ്ങൾ പഠിപ്പിക്കുക.
2പ്രായംചെന്ന പുരുഷൻമാർ മിതത്വം പാലിക്കുന്നവരും ഗൗരവബുദ്ധികളും വിവേകികളും വിശ്വാസത്തിലും സ്നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക.
3പ്രായം ചെന്ന സ്ത്രീകൾ ആദരപൂർവം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന് അടിമകളാകാതിരിക്കുകയും ചെയ്യാൻ അവരെ ഉപദേശിക്കുക. അവർ നല്ല കാര്യങ്ങൾ പഠിപ്പിക്കട്ടെ.
4ഭർത്താക്കൻമാരെയും കുട്ടികളെയും സ്നേഹിക്കാനും, വിവേകവും ചാരിത്രശുദ്ധിയും കുടുംബജോലികളിൽ താത്പര്യവും ദയാശീലവും ഭർത്താക്കൻമാരോടു വിധേയത്വവും ഉള്ളവരാകാനുംയുവതികളെ അവർ പരിശീലിപ്പിക്കട്ടെ.
5അങ്ങനെ, ദൈവവചനത്തെ അപകീർത്തിയിൽനിന്ന് ഒഴിവാക്കാൻ അവർക്കു കഴിയും. ഇപ്രകാരംതന്നെ, ആത്മനിയന്ത്രണം പാലിക്കാൻയുവാക്കൻമാരെ ഉദ്ബോധിപ്പിക്കുക.
6നീ എല്ലാവിധത്തിലും സത്പ്രവൃത്തികൾക്കു മാതൃകയായിരിക്കുക; നിന്റെ പ്രബോധനങ്ങളിൽ സത്യസന്ധതയും ഗൗരവബോധവും,
7ആരും കുറ്റം പറയാത്തവിധം നിർദോഷമായ സംസാരരീതിയും പ്രകടമാക്കുക.
8അങ്ങനെയായാൽ എതിരാളികൾ നമ്മെപ്പറ്റി ഒരു കുറ്റവും പറയാൻ അവസരമില്ലാത്തതിനാൽ ലജ്ജിക്കും.
9അടിമകളോട് യജമാനൻമാർക്കു കീഴ്പ്പെട്ടിരിക്കാനും എല്ലാകാര്യങ്ങളിലും അവരെപ്രീതിപ്പെടുത്താനും നിർദേശിക്കുക.
10അവർ എതിർത്തു സംസാരിക്കരുത്; ഒന്നും അപഹരിക്കുകയുമരുത്; എല്ലാകാര്യങ്ങളിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പ്രബോധനങ്ങൾക്കു ഭൂഷണമായിരിക്കത്തക്കവിധം പൂർണവും ആത്മാർഥവുമായ വിശ്വസ്തത പുലർത്തണം.
11എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
12നിർമതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തിൽ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു.
13അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോൾ കൈവരാൻപോകുന്ന അനുഗ്രഹപൂർണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.
14 യേശുക്രിസ്തു എല്ലാ തിൻമകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികൾ ചെയ്യുന്നതിൽ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയർപ്പിച്ചു.
15ഇക്കാര്യങ്ങൾ നീ പ്രഖ്യാപിക്കുക; തികഞ്ഞഅധികാരത്തോടെ നീ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.