യോനാ 4
അധ്യായങ്ങൾ
അതിരറ്റ കരുണ
1യോനാ ഇതിൽ അത്യധികം അസംതൃപ്തനും കുപിതനുമായി.
2അവൻ കർത്താവിനോടു പ്രാർഥിച്ചുകൊണ്ടു പറഞ്ഞു: ഞാൻ എന്റെ ദേശത്തായിരുന്നപ്പോൾ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ് ഞാൻ താർഷീഷിലേക്കു ഓടിപ്പോകാൻ ശ്രമിച്ചത്. അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്നേഹനിധിയും ശിക്ഷിക്കുന്നതിൽ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു.
3കർത്താവേ, എന്റെ ജീവൻ എടുത്തുകൊള്ളുക എന്നു ഞാൻ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്ക് നല്ലത്.
4കർത്താവ് ചോദിച്ചു: നിനക്കു കോപിക്കാൻ എന്തു കാര്യം?
5യോനാ പുറത്തിറങ്ങി നഗരത്തിൻെറ കിഴക്കുഭാഗത്തു പോയി ഇരുന്നു. അവിടെ അവൻ തനിക്കുവേണ്ടി ഒരു കൂടാരം നിർമിച്ചു. നഗരത്തിന് എന്തു സംഭ വിക്കുമെന്നു കാണാനായി കൂടാരത്തിൻെറ കീഴിൽ ഇരുന്നു.
6യോനായ്ക്കു തണലും ആശ്വാസവും നൽകുന്നതിന് ദൈവമായ കർത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു.
7പിറ്റേന്നു പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോൾ ദൈവം അത്യുഷ്ണമുള്ള കിഴക്കൻകാറ്റിനെ നിയോഗിച്ചു.
8തലയിൽ സൂര്യന്റെ ചൂടേറ്റ് യോനാ തളർന്നു. മരിക്കാൻ ആഗ്രഹിച്ചുകൊണ്ട് അവൻ പറഞ്ഞു: ജീവിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്.
9ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാൻ നിനക്കെന്തു കാര്യം? അവൻ പറഞ്ഞു: കോപിക്കാൻ എനിക്കു കാര്യമുണ്ട്, മരണംവരെ കോപിക്കാൻ.
10കർത്താവ് പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്ത രാത്രി നശിക്കുകയും ചെയ്തു. നീ അതിന്റെ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ചിട്ടില്ല. എന്നിട്ടും നിനക്കതിനോട് അനുകമ്പ തോന്നുന്നു.
11എങ്കിൽ, ഇടംവലം തിരിച്ചറിയാൻ കഴിവില്ലാത്ത ഒരുലക്ഷത്തിയിരുപതിനായിരത്തിൽപരം ആളുകളും അസംഖ്യം മൃഗങ്ങളും വസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?