Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഹഗ്ഗായി 2

അധ്യായങ്ങൾ

പുതിയ ദേവാലയം

1ദാരിയൂസ് രാജാവിന്റെ രണ്ടാംഭരണവർഷം, ഏഴാംമാസം ഇരുപത്തൊന്നാംദിവസം,പ്രവാചകനായ ഹഗ്ഗായിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി:
2 യൂദായുടെ ദേശാധിപതിയായ ഷെയാൽത്തിയേലിൻെറ മകൻ സെറുബാബേലിനോടും,യഹോസദാക്കിൻെറ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വയോടും ജനത്തിൽ അവശേഷിക്കുന്നവരോടും പറയുക,
3ഈ ആലയത്തിന്റെ പൂർവമഹിമ കണ്ടിട്ടുള്ളവരായി നിങ്ങളിൽ ആരുണ്ട്? ഇപ്പോൾ ഇതിന്റെ സ്ഥിതിയെന്താണ്? തീരെ നിസ്സാരമായിട്ടു തോന്നുന്നില്ലേ?
4എങ്കിലും, സെറുബാബേൽ, ധൈര്യമായിരിക്കുക.യഹോസദാക്കിൻെറ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വ, ധൈര്യമായിരിക്കുക. ദേശവാസികളെ, ധൈര്യമ വലംബിക്കുവിൻ- കർത്താവ് അരുളിച്ചെയ്യുന്നു. പണിയുവിൻ, ഞാൻ നിങ്ങളോടുകൂടെയുണ്ട്- സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
5ഈജിപ്തിൽനിന്നു നിങ്ങൾ പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതുപോലെതന്നെ എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; ഭയപ്പെടേണ്ടാ.
6സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: അൽപസമയത്തിനുള്ളിൽ വീണ്ടും ഞാൻ ആകാശവും ഭൂമിയും കടലും കരയും ഇളക്കും.
7ഞാൻ എല്ലാ ജനതകളെയും കുലുക്കും. അങ്ങനെ എല്ലാ ജനതകളുടെയും അമൂല്യനിധികൾ ഇങ്ങോട്ടുവരും. ഈ ആലയം ഞാൻ മഹത്വപൂർണമാക്കും- സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
8വെള്ളി എൻേറതാണ്; സ്വർണവും എൻേറതാണ് - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
9ഈ ആലയത്തിന്റെ പൂർവമഹത്വത്തെക്കാൾ ഉന്നതമായിരിക്കും വരാൻ പോകുന്ന മഹത്വം- സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു. ഈ സ്ഥ ലത്തിനു ഞാൻ ഐശ്വര്യം നൽകും- സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
10ദാരിയൂസിന്റെ രണ്ടാം ഭരണവർഷം ഒൻപതാംമാസം ഇരുപത്തിനാലാം ദിവസം പ്രവാചകനായ ഹഗ്ഗായിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി:
11സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: പുരോഹിതൻമാരോട് ഈ പ്രശ്നത്തിന്റെ ഉത്തരം ചോദിക്കുവിൻ.
12ആരെങ്കിലും തൻെറ വസ്ത്രത്തിന്റെ അറ്റത്തു വിശുദ്ധ മാംസം പൊതിയുകയും, ആ വസ്ത്രാഞ്ചലംകൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യസാധനമോ സ്പർശിക്കുകയും ചെയ്താൽ അവ വിശുദ്ധമാകുമോ? ഇല്ല- പുരോഹിതൻമാർ പറഞ്ഞു.
13ഹഗ്ഗായി ചോദിച്ചു: ശവശരീരത്തിൽ സ്പർശിച്ച് അശുദ്ധനായ ഒരുവൻ ഇതിൽ ഏതെങ്കിലും ഒന്നിനെ സ്പർശിച്ചാൽ അത് അശുദ്ധമാകുമോ?
14അശുദ്ധമാകും- അവർ പറഞ്ഞു. അപ്പോൾ ഹഗ്ഗായി പറഞ്ഞു: ഈ ജനവും രാജ്യവും എന്റെ മുൻപിൽ അങ്ങനെതന്നെയാണ് - കർത്താവ് അരുളിച്ചെയ്യുന്നു. അപ്രകാരം തന്നെ അവരുടെ പ്രവൃത്തികളും അവർ അർപ്പിക്കുന്ന കാഴ്ചകളും അശുദ്ധമാണ്.
15കർത്താവിന്റെ ആലയത്തിനുവേണ്ടി കല്ലിൻമേൽ കല്ലു വയ്ക്കുന്നതിനുമുൻപ് ഇന്നുവരെ നിങ്ങൾ എങ്ങനെ വ്യാപരിച്ചിരുന്നെന്നു ചിന്തിക്കുവിൻ; എന്തായിരുന്നു നിങ്ങളുടെ സ്ഥിതി?
16ഇരുപതളവു ധാന്യം കൂട്ടിയിരിക്കുന്നിടത്തു ചെല്ലുമ്പോൾ പത്തളവേ കാണാനുള്ളു. അൻപതളവു വീഞ്ഞു കോരിയെടുക്കാൻ ചെന്നപ്പോൾ ചക്കിൽ ഇരുപതളവേയുള്ളു.
17നിങ്ങളുടെ എല്ലാ അധ്വാനഫലങ്ങളും ഉഷ്ണക്കാറ്റും വിഷമഞ്ഞും കൻമഴയും അയച്ചു ഞാൻ നശിപ്പിച്ചു. എന്നിട്ടും നിങ്ങൾ എന്നിലേക്കു മടങ്ങിവന്നില്ല- കർത്താവ് അരുളിച്ചെയ്യുന്നു.
18ആകയാൽ ഇന്നുമുതൽ, ഒൻപതാംമാസം ഇരുപത്തിനാലാം ദിവസംമുതൽ, കർത്താവിന്റെ ആല യത്തിനു കല്ലിട്ട അന്നു മുതൽ, എങ്ങനെ ആയിരിക്കുമെന്നു ശ്രദ്ധിക്കുവിൻ.
19വിത്ത് ഇനിയും കളപ്പുരയിൽത്തന്നെയാണോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതള നാരകവും ഒലിവും ഇനിയും ഫലം നൽകുന്നില്ലേ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.
20ആ മാസം ഇരുപത്തിനാലാംദിവസം ഹഗ്ഗായിക്കു വീണ്ടും കർത്താവിന്റെ അരുളപ്പാടുണ്ടായി:
21 യൂദായുടെ ദേശാധിപതിയായ സെറുബാബേലിനോടു പറയുക: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കാൻ പോകുന്നു.
22രാജ്യങ്ങളുടെ സിംഹാസനങ്ങൾ ഞാൻ തകർക്കും. ജനതകളുടെ സിംഹാസനങ്ങളുടെ ശക്തി ഞാൻ നശിപ്പിക്കാൻ പോകുന്നു. അവരുടെ രഥങ്ങളെയും സാരഥികളെയും ഞാൻ മറിച്ചിടും, കുതിര കളും കുതിരപ്പുറത്തിരിക്കുന്നവരും സഹയോദ്ധാക്കളുടെ വാളിനിരയാകും - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
23ഷെയാൽത്തിയേലിൻെറ മകനും എന്റെ ദാസ നുമായ സെറുബാബേലേ, അന്നു ഞാൻ നിന്നെ എന്റെ മുദ്രമോതിരം പോലെയാക്കും. എന്തെന്നാൽ, ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്