എഫേസോസ് 2
അധ്യായങ്ങൾ
രക്ഷ - ദൈവികദാനം
1അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കൽ നിങ്ങൾ മൃതരായിരുന്നു.
2അന്ന്, ഈ ലോകത്തിൻെറ ഗതി പിന്തുടർന്നും, അനുസരണക്കേടിന്റെ മക്കളിൽ പ്രവർത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങൾ നടന്നിരുന്നത്.
3അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിന്റെയും മനസ്സിന്റെയും അഭിലാഷങ്ങൾ സാധിച്ചുകൊണ്ട് ജഡമോഹങ്ങളിൽ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്റെ മക്കളായിരുന്നു.
4എന്നാൽ, നമ്മൾ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്നേഹത്താൽ,
5ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു.
6 യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവനോടുകൂടെ ഇരുത്തുകയും ചെയ്തു.
7അവിടുന്ന് യേശുക്രിസ്തുവിൽ നമ്മോടു കാണിച്ച കാരുണ്യത്താൽ, വരാനിരിക്കുന്ന കാലങ്ങളിൽ തൻെറ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്.
8വിശ്വാസംവഴി കൃപയാലാണു നിങ്ങൾ രക്ഷിക്കപ്പെട്ടത്. അതു നിങ്ങൾ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.
9അതു പ്രവൃത്തികളുടെ ഫലമല്ല. തൻമൂലം, ആരും അതിൽ അഹങ്കരിക്കേണ്ടതില്ല.
10നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാൻവേണ്ടി ദൈവം മുൻകൂട്ടി ഒരുക്കിയ സത്പ്രവൃത്തികൾക്കായി യേശുക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടവരാണ്.
എല്ലാവരും ക്രിസ്തുവിൽ ഒന്ന്
11നിങ്ങൾ ശരീരംകൊണ്ട് വിജാതീയരായിരുന്നപ്പോൾ, ശരീരത്തിൽ കൈകൊണ്ടു പരിച്ഛേദനം ചെയ്യപ്പെട്ടവർ, നിങ്ങളെ അപരിച്ഛേദിതർ എന്നു വിളിച്ചിരുന്നത് ഓർക്കുക.
12അന്ന് നിങ്ങൾക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽസമൂഹത്തിൽനിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തി ന് അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക.
13എന്നാൽ, ഒരിക്കൽ വിദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ യേശുക്രിസ്തുവിൽ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു.
14കാരണം, അവൻ നമ്മുടെ സമാധാന മാണ്. ഇരുകൂട്ടരെയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകർക്കുകയും ചെയ്തു.
15കൽപനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവൻ തൻെറ ശരീരത്തിലൂടെ ഇല്ലാതാക്കി.
16ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേശരീരത്തിൽ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവൻ ഇങ്ങനെ ചെയ്തത്.
17വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവൻ സമാധാനം പ്രസംഗിച്ചു.
18അതിനാൽ, അവനിലൂടെ ഒരേ ആത്മാവിൽ ഇരുകൂട്ടർക്കും പിതാവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ സാധിക്കുന്നു.
19ഇനിമേൽ നിങ്ങൾ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.
20അപ്പസ്തോലൻമാരും പ്രവാചക ൻമാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്.
21ക്രിസ്തുവിൽ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കർത്താവിൽ പരിശുദ്ധമായ ആലയമായി അതു വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
22പരിശുദ്ധാത്മാവിൽ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.