2 തെസലോനിക്കാ 1
അധ്യായങ്ങൾ
അഭിവാദനം
1പൗലോസും സിൽവാനോസും തിമോത്തേയോസുംകൂടെ, നമ്മുടെ പിതാവായദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്ക്കെഴുതുന്നത്.
2പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും.
പ്രശംസ, പ്രാർഥന
3നിങ്ങളുടെ വിശ്വാസം സമൃദ്ധമായി വളരുകയും നിങ്ങളേവരുടെയും പരസ്പരസ്നേഹം വർധിച്ചുവരുകയും ചെയ്യുന്നതിനാൽ , സഹോദരരേ, നിങ്ങൾക്കുവേണ്ടി എപ്പോഴും ദൈവത്തിന് ഉചിതമാംവിധം നന്ദിപറയാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.
4അതിനാൽ, നിങ്ങൾ ഇപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങൾപ്രകടിപ്പിക്കുന്ന സ്ഥൈര്യത്തെയും വിശ്വാസത്തെയുംകുറിച്ച് ദൈവത്തിന്റെ സഭകളിൽവച്ചു ഞങ്ങൾതന്നെ അഭിമാനിക്കാറുണ്ട്.
5ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങൾ കഷ്ടപ്പാടുകൾ സഹിക്കുന്നത്; ആ ദൈവരാജ്യത്തിനു നിങ്ങൾ അർഹരാക്കപ്പെടണമെന്ന ദൈവത്തിന്റെ നീതിപൂർവ കമായ നിശ്ചയത്തിനുള്ള തെളിവാണിവയെല്ലാം.
6കർത്താവായ യേശു തന്റെ ശക്തരായ ദൂതൻമാരോടുകൂടെ അഗ്നിജ്വാലകളുടെമധേ്യ സ്വർഗത്തിൽനിന്നു പ്രത്യക്ഷപ്പെടുമ്പോൾ
7നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുക എന്നതുംയാത നകൾക്കിരയായ നിങ്ങൾക്കു ഞങ്ങളോടൊപ്പം സമാശ്വാസം നൽകുക എന്നതും ദൈവത്തിന്റെ നീതിയാണ്.
8അപ്പോൾ അവൻ , ദൈവത്തെക്കുറിച്ച് അജ്ഞത പുലർത്തുന്നവർക്കും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും എതിരായി പ്രതികാരംചെയ്യും.
9അവർ കർത്താവിന്റെ സന്നിധിയിൽനിന്നും അവന്റെ ശക്തിയുടെ മഹത്വത്തിൽനിന്നും തിരസ്കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും.
10കർത്താവ് തന്റെ വിശുദ്ധരിൽ മഹത്വപ്പെടുന്നതിനും ഞങ്ങൾ നിങ്ങൾക്കു നൽകിയ സാക്ഷ്യംമുഖേന വിശ്വാസികളായവരിലൂടെ കീർത്തിക്കപ്പെടുന്നതിനുമായി ആദിവസം അവൻ വരുമ്പോൾ ഇതു സംഭവിക്കും.
11നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും വിശ്വാസത്തിന്റെ പ്രവൃത്തികളും തന്റെ ശക്തിയാൽ പൂർത്തിയാക്കുന്നതിനുമായി ഞങ്ങൾ സദാ പ്രാർഥിക്കുന്നു.
12അങ്ങനെ, നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയ്ക്കനുസൃതം അവന്റെ നാമം നിങ്ങളിലും, നിങ്ങൾ അവനിലും മഹത്വപ്പെടട്ടെ!